കാറിലെത്തിയ നാലംഗസംഘം പട്ടാപ്പകൽ യുവാവിനെ വെട്ടിക്കൊന്നു

Friday 03 July 2020 8:11 AM IST

പെരിങ്ങോട്ടുകര: മാരകായുധങ്ങളുമായി കാറിലെത്തിയ നാലംഗസംഘം പട്ടാപ്പകൽ റോഡിലിട്ട് യുവാവിനെ വെട്ടിക്കൊന്നു. താന്ന്യം കുറ്റിക്കാട്ട് വീട്ടിൽ സുരേഷിന്റെ മകൻ ആദർശാണ് (മക്കു-29) മരിച്ചത്. വ്യാഴാഴ്ച രാവിലെ പത്തോടെ താന്ന്യം വെള്ളിയാഴ്ച ചന്തയ്ക്ക് വടക്കുഭാഗം കുറ്റിക്കാട്ട് ക്ഷേത്രത്തിന് സമീപമായിരുന്നു സംഭവം. ആദർശ് വീടിനു സമീപത്തെ ചായക്കടയിൽ ചായ കുടിച്ചുകൊണ്ടിരിക്കെ കാറിലെത്തിയ സംഘം യുവാവിനെ പുറത്തേക്ക് വിളിച്ചുവരുത്തി റോഡിലിട്ട് വെട്ടുകയായിരുന്നു. അക്രമികൾ കാറിൽ കയറി രക്ഷപ്പെട്ടു.

ഓടിക്കൂടിയ സമീപവാസികളാണ് ഗുരുതരമായി പരിക്കേറ്റ ആദർശിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. തീവ്രപരിചരണ വിഭാഗത്തിലായിരുന്ന ആദർശ് വൈകീട്ടോടെ മരിച്ചു. പ്രദേശത്തെ ഗുണ്ടാസംഘമാണ് അക്രമത്തിന് പിറകിലെന്നും ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് ആക്രമണങ്ങൾക്ക് പിന്നിലെന്നും പൊലീസ് പറയുന്നു. കൊല്ലപ്പെട്ട യുവാവ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും സ്റ്റേഷൻ ഗുണ്ടാ ലിസ്റ്റിൽപ്പെട്ടയാളുമാണെന്ന് പൊലീസ് പറഞ്ഞു. 2018 ലെ വിഷുദിനത്തിൽ എതിർസംഘത്തിന്റെ ആക്രമണത്തിൽ ആദർശിന് മാരകമായി പരിക്കേറ്റിരുന്നു. ചികിത്സയ്ക്ക് ശേഷം ജീവിതത്തിലേക്ക് തിരിച്ചുവന്നു തുടങ്ങിയപ്പോഴായിരുന്നു ദുരന്തം. കമ്മിഷണർ ആർ. ആദിത്യ, ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ഫേമസ് വർഗ്ഗീസ്, അന്തിക്കാട് എസ്.ഐ കെ.എസ് സുശാന്ത് എന്നിവർ സ്ഥലത്തെത്തി. വൻ പൊലീസ് സംഘം പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. മാതാവ്: മായ. സി.പി.എം പ്രവർത്തകയും താന്ന്യം പഞ്ചായത്ത് സി.ഡി.എസ് ചെയർപേഴ്‌സണുമാണ്.