കൊവിഡ്: തമിഴ്‌നാട്ടിൽ രോഗബാധിതർ ഒരു ലക്ഷത്തിലേക്ക്

Friday 03 July 2020 1:52 AM IST

ന്യൂഡൽഹി:തമിഴ്‌നാട്ടിൽ ആകെ കൊവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷത്തോടടുത്തു. ഇന്നലെ 4,343 കേസുകൾ റിപ്പോർട്ട് ചെയ്തതോടെ ആകെ കേസുകൾ 98,392 ആയി. രാജ്യത്ത് കൊവിഡ് രോഗവ്യാപനം ഏറ്റവും രൂക്ഷമായ നഗരമായി ചെന്നൈ മാറി. 2,182 കേസുകളാണ് ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്തത്.

ഏപ്രിൽ മെയ് മാസങ്ങളിൽ മുംബയിലായിരുന്നു ഒരുദിവസം രാജ്യത്ത് ഏറ്റവും അധികം കേസുകൾ സ്ഥിരീകരിച്ചിരുന്നത്. എന്നാൽ ജൂൺ ആയതോടെ മുംബയെ മറികടന്ന് ഡൽഹി ഒന്നാമതെത്തി.

ജൂൺ 30 ലെ കണക്കുപ്രകാരം മുംബയെയും ഡൽഹിയെയും മറികടന്ന് രോഗവ്യാപനത്തിൽ ചെന്നൈ ഒന്നാമതെത്തുകയായിരുന്നു. ജൂൺ 30 ന് ചെന്നൈയിൽ സ്ഥിരീകരിച്ചത് 2400 പുതിയ കൊവിഡ് കേസുകളാണ്. ഡൽഹിയിലാകട്ടെ സ്ഥിരീകരിച്ചത് 2,200 കേസുകളും.

ഒരു ദിവസം കൊവിഡ് സ്ഥിരീകരിക്കുന്നതിൽ ലോകത്തുതന്നെ രണ്ടാം സ്ഥാനത്തെത്തി ഇതോടെ ചെന്നൈ. അമേരിക്കയിലെ ലോസ് ആഞ്ചലസാണ് ചെന്നൈയ്ക്ക് മുമ്പിൽ ഒന്നാമതെത്തിയത്. 3000 ഓളം പേർക്കാണ് ജൂൺ 30 ന് ലോസ് ആഞ്ചലസിൽ കൊവിഡ് സ്ഥിരീകരിച്ചത്.

  • ഡൽഹിയിലെ കൊവിഡ് ബാധിതരുടെ എണ്ണം 92000 കടന്നു. ഇന്നലെ 2373 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 61 പേർ കൂടി മരിതോടെ ആകെ മരണം 2864.
  • പശ്ചിമബംഗാളിൽ 649 പേർക്ക് കൂടി രോഗബാധ. 16 മരണം കൂടി.
  • മദ്ധ്യപ്രദേശിൽ ആകെ രോഗബാധിതർ 14000 പിന്നിട്ടു. എട്ട് പേർ കൂടി മരിച്ചു. 245 പേർക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചു.
  • മഹാരാഷ്ട്രയിൽ 6,330 പുതിയ കേസുകൾ, മരണം 125. ആകെ കേസുകൾ 1,86,000.
  • ഗുജറാത്തിൽ 681 പുതിയ രോഗികകൾ. 19 പേർ മരിച്ചു. ആകെ രോഗികകൾ 34,000
  • കർണാടകയിൽ 1502 പേർക്ക് കൂടി രോഗ ബാധ. ആകെ കേസുകൾ 18000 കടന്നു. 19 മരണവും ഇന്നലെ സംസ്ഥാനത്തുണ്ടായി.
  • ആന്ധ്രാ സെക്രട്ടറിയേറ്റിലെ 10 ജീവനക്കാർക്ക് കൂടി കൊവിഡ് ബാധിച്ചു. ഇതോടെ സെക്രട്ടറിയേറ്റിൽ കൊവിഡ് ബാധിച്ചവരുടെ എണ്ണം 25 ആയി.
  • മംഗളുരുവിലെ ബി.ജെ.പി എം.എൽ.എ ഭരത് ഷെട്ടിക്ക് കൊവിഡ്.