മെഡിക്കൽ കോളേജിൽ രോഗികൾ കൂടി, ക്വാറന്റൈൻ ചുരുക്കി, ജീവനക്കാർ അങ്കലാപ്പിൽ
തൃശൂർ: കൊവിഡ് രോഗികൾ കൂടുകയും ജീവനക്കാരുടെ കുറവുണ്ടാകുകയും ചെയ്തതോടെ ഗവ. മെഡിക്കൽ കോളേജിൽ കൊവിഡ് ഡ്യൂട്ടിയെടുക്കുന്നവരുടെ ക്വാറൻ്റൈൻ ചുരുക്കി വിശ്രമം മതിയെന്ന തീരുമാനത്തിൽ ആശങ്ക. വാർഡുകളിൽ ഡ്യൂട്ടിയെടുക്കുന്നവർക്ക് ഏഴും ഐ.സി.യു ജീവനക്കാർക്ക് പത്തും ദിവസത്തെ വിശ്രമമാണ് നിലവിലുള്ളത്. ഡ്യൂട്ടി സമയം രണ്ട് മണിക്കൂർ കൂട്ടിയിട്ടുമുണ്ട്. സർക്കാർ ഉത്തരവ് പ്രകാരമാണിതെങ്കിലും കൂടുതൽ ജീവനക്കാരെ താത്കാലികമായെങ്കിലും നിയോഗിക്കണമെന്ന ആവശ്യം ശക്തമായി.
ഒരാഴ്ച ഡ്യൂട്ടിയിലുള്ളവർക്ക് രണ്ടാഴ്ച ക്വാറന്റൈൻ ഉണ്ടായിരുന്നു. ഒരാഴ്ച ആശുപത്രിയിലായിരുന്നു താമസിക്കേണ്ടത്. വീട്ടിൽ സൗകര്യമില്ലാത്തവർക്ക് രണ്ടാമത്തെ ആഴ്ച താമസസൗകര്യവും ഏർപ്പെടുത്തിയിരുന്നു. എന്നാൽ ഭക്ഷണത്തിനും താമസത്തിനുമുളള ചെലവേറിയതോടെ ക്വാറൻ്റൈൻ ഉപേക്ഷിച്ചു. തുടക്കത്തിൽ 28 ദിവസമായിരുന്നു ക്വാറൻ്റൈൻ. പി.പി.ഇ. കിറ്റും കൈയുറയും മാസ്കും അടക്കം എല്ലാവിധ സുരക്ഷിതത്വവും ഉളളതിനാൽ ഡ്യൂട്ടിയിലുള്ളവരിൽ രോഗവ്യാപനം ഉണ്ടാവില്ലെന്നാണ് അധികൃതരുടെ വിശദീകരണം. എന്നാൽ, പ്രത്യേകിച്ച് നഴ്സുമാർക്ക് രോഗിയുമായി ഏറെ അടുത്ത് ഇടപഴകേണ്ടി വരുന്നുണ്ട്. ജില്ലയിൽ രോഗബാധിതരായി ചികിത്സയിലുളള 160 ൽ ഏറെപ്പേരിൽ നൂറോളം രോഗികൾ മെഡിക്കൽ കാേളേജിലുണ്ട്. ഇതിൽ നാലുപേർ ഐ.സി.യുവിലാണ്.
ഒരുക്കിയത് പഴുതടച്ച സംവിധാനങ്ങൾ
രോഗികളെ ചികിത്സിക്കുന്നതിനായി തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രി കൊവിഡ് ആശുപത്രിയായി പ്രവർത്തിക്കാൻ ഏപ്രിലിലാണ് തീരുമാനിച്ചത്. രോഗികൾക്കായി പ്രത്യേക ഒ.പി, ഐ.പി സംവിധാനം, ഐ.സി.യു, വാർഡ് എന്നിവ ഏർപ്പെടുത്തിയിരുന്നു. ഐസോലേഷനായി ആദ്യഘട്ടത്തിൽ 458 ബെഡുകൾ, 35 താത്കാലിക ക്യൂബിക്കിളുകൾ എന്നിവയും ഒരുക്കി. രോഗികൾക്കും, ഡോക്ടർമാർക്കും പ്രത്യേക സഞ്ചാരവഴികളും കർശനമായ സുരക്ഷയുമുണ്ട്. രാജ്യത്ത് ആദ്യം രോഗം സ്ഥിരീകരിച്ചത് തൃശൂരിലായതിനാൽ കൊവിഡ് പ്രോട്ടോകോൾ കൃത്യമായും ഫലപ്രദമായും മെഡിക്കൽ കോളേജിൽ നടപ്പാക്കാനും കഴിഞ്ഞു. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും രാജ്യങ്ങളിൽ നിന്നുമായി രോഗികൾ എത്തിയതോടെയാണ് രോഗികൾ കൂടിയത്.
........................................................
ഐ.സി.യുവിലും വാർഡിലും അടക്കം
ഒരു ബാച്ച് കൊവിഡ് ഡ്യൂട്ടി: 150-160 ജീവനക്കാർ
തുടക്കത്തിലുണ്ടായിരുന്നത്: 30-35 ജീവനക്കാർ
...............................
മറ്റ് പരാതികൾ
കുട്ടികളും വയോധികരും ഉള്ള വീടുകളിലേക്ക് ഡ്യൂട്ടി കഴിഞ്ഞെത്തുന്നത് സമ്പർക്കത്തിന് വഴിവച്ചേക്കും.
അയൽക്കാരും ബന്ധുക്കളും അടക്കമുള്ളവർ ആശുപത്രി ജീവനക്കാരെ ഭയത്തോടെ കാണുന്നു.
വീട്ടിലേക്ക് മടങ്ങുന്നതിന് മുൻപ് കൊവിഡ് പരിശോധന നടത്തണമെന്ന ആവശ്യവും നടപ്പായില്ല.