ആശങ്കയായി കൊവിഡ്; രാജ്യത്ത് 24 മണിക്കൂറിനിടെ കൊവിഡ‌് ബാധിച്ചത് 20,903 പേർക്ക്, മരണം 379

Friday 03 July 2020 11:10 AM IST

ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 20,903 പേർ കൊവിഡ് ബാധിച്ച് മരിച്ചു. പുതിയ രോഗികളുടെ എണ്ണത്തിൽ ഒരുദിവസം രേഖപ്പെടുത്തുന്ന ഏറ്റവും വലിയ വർദ്ധനവാണിത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 6.25 ലക്ഷമായി. 379 പേർ 24 മണിക്കൂറിനിടെ കൊവിഡിനെ തുടർന്ന് മരിച്ചു. കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 18,213 ആയി.

കൊവിഡ് ബാധിച്ച് രാജ്യത്ത് 2.27 ലക്ഷം പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 3.79 ലക്ഷം പേർ രോഗമുക്തരായി. മഹാരാഷ്ട്രയിൽ 1.86 ലക്ഷം പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 8178 പേർ മരിക്കുകയും ചെയ്തു. മഹാരാഷ്ട്രയിൽ ആകെ കേസുകൾ 1,86,626 ആയി ഉയർന്നു.

തമിഴ്‌നാട്ടിൽ ആദ്യമായി ഒരു ദിവസത്തെ കൊവിഡ് കേസുകൾ 4000 കടന്നു. 4343 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം ഒരു ലക്ഷത്തിനടുത്തെത്തി. മഹാരാഷ്ട്രയിലും തമിഴ്നാട്ടിലും കൊവിഡ് കേസുകൾ കുതിച്ചുയർന്നതോടെയാണ് രാജ്യത്തെ പ്രതിദിന കണക്ക് 20,000 കടന്നത്.

ഡൽഹിയിൽ ഇന്നലെ 2373 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കർണാടകയിലും 24 മണിക്കൂറിനിടെ 1502 കേസുകളുമായി പ്രതിദിന കണക്കിലെ ഏറ്റവും വലിയ വർദ്ധന രേഖപ്പെടുത്തി. കൂടുതൽ കൊവിഡ് രോഗികളുള്ള പ്രദേശങ്ങളിലൊന്നായ ഡൽഹി എൻ.സി.ആർ മേഖലയ്ക്ക് കൊവിഡ് പ്രതിരോധത്തിന് പ്രത്യേക കർമ്മപദ്ധതിക്ക് തീരുമാനമായി.

യു.പി, ഹരിയാന സംസ്ഥാനങ്ങളോട് പരിശോധനകൾ കൂട്ടാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നിർദ്ദേശം നൽകി. ഇരു സംസ്ഥാനങ്ങൾക്കും ടെസ്റ്റിംഗിനായി കേന്ദ്രം കൂടുതൽ കിറ്റുകൾ നൽകും. രോഗികളെ നേരത്തെ കണ്ടെത്തി ആശുപത്രികളിലേക്ക് മാറ്റും. മൂന്നു സംസ്ഥാനങ്ങളിലെയും ചെറുകിട ആശുപത്രികൾക്ക് ഡൽഹി എയിംസിലെ ഡോക്ടർമാരിൽ നിന്നും മാർഗ നിർദ്ദേശങ്ങൾ നൽകും. ഡൽഹി ഉൾപ്പെടെ ദേശീയ തലസ്ഥാന മേഖല മുഴുവനായി നിലവിൽ രോഗികളുടെ എണ്ണം ഒരു ലക്ഷം പിന്നിട്ട സാഹചര്യമാണുള്ളത്.