ലോകത്തിലെ ഏതൊരു ഭരണാധികാരിക്കും മുമ്പേ മോദി അത് ചെയ്‌തു, നന്ദി അറിയിച്ച് പുടിൻ

Friday 03 July 2020 12:58 PM IST

ന്യൂഡൽഹി: റഷ്യൻ പ്രസിഡന്റ് വ്‌ളാദിമർ പുടിന് അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. രണ്ടാം ലോകമഹായുദ്ധത്തിലെ റഷ്യൻ വിജയത്തിന്റെ 75ആം വാർഷികത്തിനും ഭരണഘടനാ ഭേദഗതിക്കുമാണ് പ്രധാനമന്ത്രി അഭിനന്ദനം അറിയിച്ചത്. ഭരണഘടനാ ഭേദഗതയിൽ റഷ്യൻ പ്രസിഡന്റിനെ അഭിനന്ദിക്കുന്ന ആദ്യ വിദേശ ഭരണാധിപനായി ഇതോടെ മോദി. റഷ്യയിലെ ഭരണഘടനാ ഭേദഗതി പാസായതോടെ 2036 വരെ ഭരണത്തിലിരിക്കാൻ പുടിന് വഴി തുറന്നിരുന്നു.

മുൻപ് ജൂൺ 24ന് റഷ്യയുടെ ലോകമഹായുദ്ധ വിജയദിവസത്തിൽ മോസ്‌കോയിൽ നടന്ന പരേഡിൽ ഇന്ത്യയുടെ മൂന്ന് സേനകളുടെയും പ്രാതിനിധ്യം ഉണ്ടായിരുന്നു. മോദിയുടെ അഭിനന്ദനങ്ങൾക്ക് നന്ദി അറിയിച്ച പുടിൻ കൊവിഡ് പ്രതിരോധത്തിൽ ഇരു രാജ്യങ്ങളും സ്വീകരിച്ച നടപടികൾ പ്രധാനമന്ത്രിയുമായി ചർച്ച നടത്തി. കൊവിഡാനന്തര കാലത്തെ പ്രതിസന്ധികളിൽ ഒന്നിച്ച് നീങ്ങാനും തീരുമാനിച്ചു. ഇരു രാജ്യങ്ങളും തമ്മിൽ ഈ വർഷം അവസാനം ഇന്ത്യയിൽ നടക്കുന്ന ഉച്ചകോടിയ്ക്ക് പുടിനെ പ്രധാനമന്ത്രി ക്ഷണിച്ചു. ചൈനയും ഇന്ത്യയുമായുള‌ള സംഘർഷം ഒഴിവാക്കാനും മുൻപ് റഷ്യ പരമാവധി ശ്രമം നടത്തിയിട്ടുണ്ട്.

മുൻപ് ജൂൺ മാസത്തിൽ റഷ്യയുടെ ലോകമഹായുദ്ധ വിജയദിവസത്തിൽ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് റഷ്യൻ നേതാക്കളുമായി ചർച്ച ചെയ്‌ത് ഇന്ത്യയിലേക്കുള‌ള ആയുധ വിതരണ നടപടികൾ വേഗം കൂട്ടിയിരുന്നു. റഷ്യൻ സഹായത്തോടെ 33ഓളം പോർ വിമാനങ്ങൾ വാങ്ങുവാനും ഉള‌ളവ പരിഷ്കരിക്കാനും ഇന്നലെ പ്രതിരോധ വകുപ്പ് അനുമതി നൽകി. 18,148 കോടി രൂപയുടെ കരാറാണിത്. ഇന്ത്യയുടെ ആയുധ ശേഖരത്തിൽ ഏതാണ്ട് 60 ശതമാനത്തോളം വാങ്ങിയിരിക്കുന്നതും റഷ്യയിൽ നിന്നാണ്. റഷ്യൻ പ്രസിഡന്റായി മൂന്നാം വട്ടം ഭരിക്കുന്ന പുടിന് കാലാവധി 2024 വരെയായിരുന്നു. ഇതാണ് ഭരണഘടനാ ഭേദഗതിയോടെ നിലവിൽ 2036 വരെയാകുക. ഇതോടെ മുൻ കമ്മ്യൂണിസ്‌റ്റ് ഏകാധിപതി ജോസഫ് സ്റ്റാലിന് ശേഷം ഏറ്റവുമധികം കാലം റഷ്യ ഭരിക്കുക പുടിനാകും.