ചൂട് ചപ്പാത്തിയ്ക്കൊപ്പം കഴിക്കാനിതാ അടിപൊളി ഒരു കറി, എളുപ്പത്തിലുണ്ടാക്കാം രുചിയൂറും ഛന മസാല

Friday 03 July 2020 2:39 PM IST

പേര് കേട്ട് സംശയിക്കേണ്ട ഛന നമ്മുടെ വെള്ള കടലയാണ്. വെള്ള കടല ഉപയോഗിച്ച് ഒരു ടേസ്റ്റി മസാല കറി ഉണ്ടാക്കി നല്ല ചൂട് ചപ്പാത്തിയ്ക്കൊപ്പം പരീക്ഷിച്ചാലോ. ഛന മാസാല എങ്ങനെയാണ് എളുപ്പത്തിൽ തയ്യാറാക്കേണ്ടത് എന്ന് നോക്കാം.

ആവശ്യമുള്ള സാധനങ്ങൾ

1. വെള്ളക്കടല - ഒരു കപ്പ്

2. വെളുത്തുള്ളി - 6 അല്ലി

ഇഞ്ചി - ഒരു കഷണം

കറുവാപ്പട്ട - മൂന്ന് കഷണം

ഏലയ്ക്ക - 3 എണ്ണം

ഗ്രാമ്പൂ - 6 എണ്ണം

ജീരകം - ഒരു ചെറിയ സ്പൂൺ

കുരുമുളക് - ഒരു ചെറിയ സ്പൂൺ

മുളക് പൊടി - രണ്ട് ചെറിയ സ്പൂൺ

മല്ലിപ്പൊടി - രണ്ട് ചെറിയ സ്പൂൺ

മഞ്ഞൾ പൊടി - കാൽ ചെറിയ സ്പൂൺ

3. എണ്ണ - ആവശ്യത്തിന്

4. സവാള - 2 എണ്ണം വലുത് (അരിഞ്ഞത്)

5. തക്കാളി - 2 എണ്ണം (അരിഞ്ഞത്)

6. മല്ലിയില - ഒരു കെട്ട് (അരിഞ്ഞത്)

പുതിനയില - ഒരു ചെറിയ കെട്ട് (അരിഞ്ഞത്)

7. ടൊമാറ്റോ സോസ് - രണ്ട് വലിയ സ്പൂൺ

സോയാ സോസ് - രണ്ട് വലിയ സ്പൂൺ

ഉപ്പ് - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

വെള്ള കടല 10 - 12 മണിക്കൂർ വെള്ളത്തിലിട്ട് കുതിർത്ത ശേഷം, കുക്കറിൽ വേവിച്ചെടുക്കുക. അതിന് ശേഷം രണ്ടാമത്തെ ചേരുവകളെല്ലാം കൂടി അരച്ചെടുക്കുക. എണ്ണ ചൂടാക്കി സവാള വഴറ്റിയ ശേഷം അരപ്പ് ചേർത്ത് നന്നായി വഴറ്റുക. എണ്ണ തെളിയുമ്പോൾ അതിലേക്ക് തക്കാളിയും മല്ലിയിലയും പുതിനയിലയും ചേർത്ത് വഴറ്റണം. ഇതിലേക്ക് വേവിച്ച് വച്ചിരിക്കുന്ന കടലയും സോസുകളും ചേർത്ത് കുറച്ച് സമയം നന്നായി ഒന്ന് വേവിക്കണം. ചാറൊന്ന് കുറുകി വരുമ്പോൾ മല്ലിയിലയിട്ട് അലങ്കരിച്ചെടുക്കാം.