പാകിസ്ഥാനിൽ ട്രെയിൻ സിഖ് തീർത്ഥാടകരുടെ ബസിൽ ഇടിച്ച് 20 പേർ മരിച്ചു; അപകടം അടഞ്ഞു കിടന്ന ലെവൽക്രോസ് മറികടക്കുമ്പോൾ

Friday 03 July 2020 7:08 PM IST

ഇസ്ളാമാബാദ്: പാകിസ്ഥാനിലെ ഷേഖുപുരയിൽ അടഞ്ഞു കിടന്ന ലെവൽക്രോസ് മറികടന്ന ബസ് പാഞ്ഞുവന്ന ട്രെയിനുമായി കൂട്ടിയിടിച്ച് 20 പേർ മരിച്ചു.ഇന്ന് ഉച്ച കഴിഞ്ഞായിരുന്നു സംഭവം. 27ഓളം സിഖ് തീർത്ഥാടകരാണ് ബസിലുണ്ടായിരുന്നത്. തീർത്ഥാടന കേന്ദ്രമായ നാൻകാന സാഹിബിൽ പോയ ശേഷം തിരികെ പെഷവാറിലേക്ക് പോകുകയായിരുന്നു ഇവർ. മൂന്നോ നാലോ കുടുംബങ്ങളിൽ പെട്ടവരാണ് അപകടത്തിൽ പെട്ടത്.

കറാച്ചിയിലേക്ക് പോകുകയായിരുന്ന ഷാ ഹുസൈൻ എക്‌സ്പ്രസാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ പെട്ടവർക്കൊപ്പം തീർത്ഥാടനത്തിന് മറ്റ് രണ്ട് ബസുകൾ കൂടിയുണ്ടായിരുന്നു എന്നാൽ ഇവർ മറ്റ് വഴികളിലൂടെയാണ് കറാച്ചിയിലേക്ക് പോയത്.എളുപ്പവഴിയായി വന്ന ബസ് അപകടത്തിൽ പെട്ടു.