ഖഷോഗി വധം: വിചാരണ തുടങ്ങി

Saturday 04 July 2020 1:52 AM IST

ഇസ്താംബുൾ: സൗദി ജേർണലിസ്റ്റായ ജമാൽ ഖഷോഗിയെ വധിച്ച കേസിൽ തുർക്കി കോടതിയിൽ വിചാരണ തുടങ്ങി. സൗദി രാജകുമാരൻ മുഹമ്മദ് ബിൻ സൽമാൻ ഉൾപ്പെടെ 20 സൗദി പൗരന്മാർ പ്രതികളായുള്ള കേസിൽ ആരും കോടതിയിൽ നേരിട്ട് ഹാജരാകാതെയുള്ള വിചാരണയാണ് ആരംഭിച്ചത്. 2018 ഒക്ടോബറിലാണ് സൗദി കൗൺസുലേറ്റിൽ വച്ച് 59 കാരനായ ഖഷോഗി കൊല്ലപ്പെട്ടത്. സൗദി രാജകുമാരന്റെ കടുത്ത വിമർശകനായിരുന്ന ഖഷോഗി വിവാഹവുമായി ബന്ധപ്പെട്ട രേഖകൾ ശരിയാക്കുന്നതിനായിരുന്നു കൗൺസുലേറ്റിൽ എത്തിയത്. കഴിഞ്ഞ വർഷം വധക്കേസിലെ അഞ്ചു പ്രതികൾക്ക് വധ ശിക്ഷ നൽകി സൗദി കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ, പ്രതികളുടെ ഒരു വിവരവും പുറത്തുവിട്ടില്ല. ഇതിനെത്തുടർന്ന് ലോകവ്യാപകമായി വിമർശനം ഉയർന്നതിനു പിന്നാലെയാണ് കൊലപാതകം ആദ്യം പുറത്തുകൊണ്ടുവന്ന തുർക്കിയിൽ തന്നെ വിചാരണ നടത്താൻ തീരുമാനമായത്.