കുപ്രസിദ്ധ മോഷ്ടാവ് വെള്ളംകുടി ബാബു പിടിയിൽ
കുളത്തൂപ്പുഴ: കുപ്രസിദ്ധ മോഷ്ടാവ് വെള്ളംകുടി ബാബു ( 49) പൊലീസ് പിടിയിൽ. ചണ്ണപ്പേട്ട വില്ലേജിൽ വട്ടപ്പാട് ചതുപ്പിൽ മരുതിവിള പുത്തൻ വീട്ടിൽ അച്യുതന്റെ മകൻ വെള്ളംകുടിബാബു എന്ന് വിളിക്കുന്ന ബാബു ആണ് കുളത്തൂപ്പുഴ പൊലീസിന്റെ പിടിയിലായത്. അഞ്ചൽ പൊലീസ് രജിസ്റ്റർ ചെയ്ത കൊലപാതക ശ്രമ കേസിൽ തൃശ്ശൂർ അതി സുരക്ഷാ ജയിലിൽ നിന്ന് ശിക്ഷ കഴിഞ്ഞിറങ്ങിയ പ്രതി വിവിധ മോഷണക്കേസുകളിൽപെട്ട് പൊലീസിനെ വെട്ടിച്ച് നടക്കുകയായിരുന്നു. കുളത്തൂപ്പുഴ സ്വദേശിയായ ആമക്കുളം ജോയിയുടെ വീട്ടിൽ ബാബു താമസിക്കുന്നുണ്ടെന്ന് രഹസ്യ വിവരം ലഭിച്ചതനുസരിച്ച് കുളത്തൂപ്പുഴ എസ്.ഐ. അശോക് കുമാറും സംഘവും എത്തിയപ്പോൾ ഓടി രക്ഷപെടാൻ ശ്രമിച്ച ബാബുവിനെ ഓടിച്ചിട്ട് പിടിക്കുയായിരുന്നു. തുടർന്നുണ്ടായ ചോദ്യം ചെയ്യലിൽ ഏരൂർ, കടക്കൽ, കുളത്തൂപ്പുഴ എന്നിവിടങ്ങളിൽ നടന്ന മോഷണങ്ങൾക്ക് പിന്നിൽ ബാബുവാണെന്ന് തെളിഞ്ഞു. കൂടാതെ ഏരൂരിലെ വീട്ടിൽ കയറി മോഷ്ടിച്ചതും കടക്കൽ മെഡിക്കൽ സ്റ്റോറിലെ മോഷണവും കുളത്തൂപ്പുഴയിലെ ആളില്ലാത്ത വീട്ടിലെ മോഷണവും ബാബു ചെയ്തതാണെന്ന് സമ്മതിച്ചു. കടക്കലിലെ പെട്രോൾ പമ്പിലെ മോഷണവുമായും ബാബുവിന് ബന്ധമുള്ളതായി സംശയിക്കുന്നു. പൊലീസുകാരായ പ്രസാദ് വർഗീസ്, സുജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടി കൂടിയത്.