പരിക്കേറ്റ സൈനികരെ പ്രധാനമന്ത്രി സന്ദർശിച്ചു

Saturday 04 July 2020 1:19 AM IST

ന്യൂഡൽഹി: ജൂൺ 15ന് ഗാൽവനിൽ ചൈനീസ് സൈനികരുമായുണ്ടായ ഏറ്റുമുട്ടലിൽ പരിക്കേറ്റ് ലേയിലെ സൈനിക ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ജവാൻമാരെയും ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദർശിച്ചു. സൈനികരെ കാണാൻ വേണ്ടി മാത്രമാണ് ലഡാക്കിൽ എത്തിയതെന്നും അവർ രാജ്യത്തിന്റെ അഭിമാനമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. കോഡ് ലെസ് മൈക്കുമായി സൈനികരുടെ ഇടയിലൂടെ നടന്ന് മോദി സംസാരിക്കുന്നതിന്റെ ദൃശ്യങ്ങൾ സേന പുറത്തുവിട്ടിരുന്നു.

സൈനികർ ഒറ്റക്കെട്ടായി നടത്തിയ പരാക്രമം രാജ്യത്തിനാകെ അഭിമാനമായെന്ന് മോദി ചൂണ്ടിക്കാട്ടി. നിങ്ങളെ കാണാൻ വേണ്ടി മാത്രമാണ് ഞാനെത്തിയത്. നിങ്ങൾ ആശുപത്രിയിൽ ആയതിനാൽ ജനങ്ങളുടെ വികാരം അറിഞ്ഞു കാണില്ല. 130 കോടി ജനങ്ങൾ നിങ്ങളെക്കുറിച്ച് അഭിമാനിക്കുന്നു. പുതു തലമുറയ്‌ക്ക് നിങ്ങൾ പ്രചോദനമാണ്. നിങ്ങളെയും ജൻമം നൽകിയ മാതാക്കളെയും വന്ദിക്കുന്നു. ആരൊക്കെയാണ് ആ ധീര സൈനികരെന്ന് ലോകം തിരയുകയാണ്.

രാജ്യം ഇതുവരെ ഒരു ശക്തിക്കും മുന്നിൽ തല കുനിച്ചിട്ടില്ല. സൈനികരൊത്തുള്ള നിമിഷത്തിന്റെ പ്രചോദനവും ഊർജ്ജവുമായാകും മടങ്ങുകയെന്നും സ്വയം പര്യാപ്‌തതയിലേക്കുള്ള രാജ്യത്തിന്റെ കുതിപ്പിന് അതു മുതൽക്കൂട്ടാകുമെന്നും അദ്ദേഹം പറഞ്ഞു.