പുതിയ കൊലപാതകമൊന്നുമില്ല, ഇതാണ് ചിത്രത്തിന്റെ പ്രമേയം, ആഗസ്റ്റ് 17ന് ചിത്രീകരണം ആരംഭിക്കും ; ദൃശ്യം 2 നെക്കുറിച്ച് ആദ്യമായി വെളിപ്പെടുത്തി ജീത്തു ജോസഫ്
ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച ക്രൈം ത്രില്ലറിൽ ഒന്നാണ് ജീത്തു ജോസഫിന്റെ ദൃശ്യം. സിനിമയിലെ മോഹൻലാൽ കഥാപാത്രമായ ജോർജുകുട്ടിയും കുടുംബവും സിനിമാ പ്രേക്ഷകരുടെ മനം കവരുകയും ചെയ്തു. മലയാളത്തിൽ ആദ്യമായി 50 കോടിക്ക് മുകളിൽ കളക്ഷൻ നേടിയ മലയാള സിനിമ എന്ന റെക്കോർഡും ഈ ചിത്രം സ്വന്തമാക്കിയിരുന്നു.
2013ലാണ് ദൃശ്യം തീയേറ്ററുകളിലെത്തിയത്. വർഷങ്ങൾക്കിപ്പുറം സിനിമയുടെ രണ്ടാം ഭാഗമെടുക്കാനുള്ള തയ്യാറെടുപ്പിലാണ് അണിയറ പ്രവർത്തകർ. മോഹൻ ലാലിന്റെ കഴിഞ്ഞ ജന്മദിനത്തിലാണ് ദൃശ്യം 2വിന്റെ ഔദ്യോഗികമായി പ്രഖ്യാപനമുണ്ടായത്. ആഗസ്റ്റ് 17ന് 'ദൃശ്യം 2'ന്റെ ചിത്രീകരണം ആരംഭിക്കാനാണ് തങ്ങളുടെ പദ്ധതിയെന്നും, കൊവിഡിന്റെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങളോടെയായിരിക്കും ചിത്രീകരണമെന്നും കേരള കൗമുദിയോട് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ ജീത്തു ജോസഫ്.
ജോർജ് കുട്ടിയുടെയും കുടുംബത്തിന്റെയും കഥ തന്നെയാണ് 'ദൃശ്യം 2' എന്ന് ജീത്തു ജോസഫ് വ്യക്തമാക്കി. ' ആ സംഭവത്തിന് ശേഷം ജോർജ് കുട്ടിയുടെയും കുടുംബത്തിന്റെയും ഇപ്പോഴത്തെ അവസ്ഥ അത്ര സുഖകരമാകില്ലല്ലോ. അതായിരിക്കും സിനിമയുടെ പ്രമേയം. പൂർണ്ണമായും ഒരു കുടുംബ ചിത്രമായിരിക്കും. അല്ലാതെ പുതിയ കൊലപാതകവും മറ്റുമൊന്നുമുണ്ടാകില്ല'-അദ്ദേഹം പറഞ്ഞു. ദൃശ്യത്തിലെ ചില കഥാപാത്രങ്ങളും കൂടാതെ മറ്റു ചില പുതിയ കഥാപാത്രങ്ങളും രണ്ടാം ഭാഗത്തിൽ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.