വിമർശനങ്ങൾക്ക് പുല്ല് വില, സ്ത്രീ വിരുദ്ധ ചലച്ചിത്രം 365 ഡേയ്സിന്റെ   പ്രദർശനം തുടരുമെന്ന്   നെറ്റ്ഫ്ലിക്സ്

Saturday 04 July 2020 4:12 PM IST

സ്ത്രീ വിരുദ്ധമെന്ന് വിമർശിക്കപ്പെടുന്ന പോളിഷ് ചലച്ചിത്രം 365 ഡേയ്സിന്റെ പ്രദർശനം തുടരുമെന്ന് വ്യക്തമാക്കി നെറ്റ്ഫ്ലിക്സ്. ലൈംഗിക അതിക്രമങ്ങളെയും പീഡനത്തെയും മഹത്വവൽക്കരിക്കുന്ന 365 ഡേയ്സ് എന്ന ചലച്ചിത്രത്തിനെതിരെ വിവിധ കോണുകളിൽ നിന്നും വലിയ രീതിയിലുള്ള വിമർശങ്ങൾ ഉയർന്ന് വന്നിരുന്നു. ബ്രിട്ടിഷ് പാട്ടുകാരി ഡേഫി ചിത്രത്തിന് എതിരെ പരസ്യമായി പ്രതികരിക്കുകയും ചെയ്തിരുന്നു. ചിത്രത്തിന്റെ ദൂഷ്യവശങ്ങൾ വിവരിച്ചു കൊണ്ട് നെറ്റ്ഫില്ലക്സിന്റെ ചീഫ് എക്സിക്യൂട്ടീവിന് ഇവർ കത്തെഴുതുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ചിത്രം പിൻവലിക്കില്ലന്ന പരസ്യ നിലപാടുമായി നെറ്റ്ഫ്ലിക്സ് രംഗത്ത് വന്നത്. ട്രീലോജി എന്ന പുസ്തകം അടിസ്ഥാനമാക്കിയാണ് ഈ ചിത്രമെടുത്തിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിക്കുന്ന ചിത്രത്തിനെതിരെയുള്ള ഡേഫിയുടെ കത്ത് സമൂഹ മാദ്ധ്യമങ്ങളിൽ ശ്രദ്ധേയമായി. 6000 ഓളം പേരാണ് ചിത്രം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പരാതിയിൽ ഒപ്പിട്ടത്.

ആദ്യം വിവാദത്തോട് പ്രതികരിച്ചില്ലെങ്കിലും പിന്നിടാണ് മറുപടിയുമായി നെറ്റ്ഫ്ലിക്സ് രംഗത്തെത്തിയത്. നെറ്റ്ഫ്ലിക്സിന്റെ പ്രേക്ഷകർക്ക് ചിത്രം കാണാനും കാണാതിരിക്കാനും സ്വാതന്ത്ര്യമുണ്ടെന്നും ഇതിനാൽ തന്നെ ചിത്രം പിൻവലിക്കില്ലെന്നും നെറ്റ്ഫ്ലിക്സ് വ്യക്തമാക്കി. 365 ഡേയ്സ് എന്ന പോളിഷ് ചിത്രംവിവിധ രാജ്യങ്ങളിലെ തിയറ്ററുകളിൽ പ്രദർശിപ്പിച്ചിട്ടുണ്ടെന്നും, ചിത്രം പ്രദർശിപ്പിക്കുന്നിന് നിയമപരമായി തടസമില്ലന്നും നെറ്റ്ഫ്ലിക്സ് അറിയിച്ചു.നിരവധി ആളുകളാണ് 365 ഡേയ്സ് എന്ന ചിത്രം ഇതുവരെ കണ്ടത്.