സൂമിനെ കൈ വിട്ട് ജനങ്ങൾ; ഒരു ലക്ഷത്തിലധികം ഡൗൺലോഡുകൾ നേടി ജിയോമീറ്റ്

Saturday 04 July 2020 6:42 PM IST

കൊച്ചി:കൊവിഡ്-19 കാലത്ത് എറ്റവും പ്രചാരം നേടിയ ആപ്പാണ് ആണ് സൂം.വര്‍ക്ക് ഫ്രം ഹോം എന്ന സമ്പ്രദായം കൊറോണ കാലത്ത് പ്രചാരം നേടിയതോടെ വീഡിയോ കോണ്‍ഫെറന്‍സിങ് ആപ്പ് ആയ സൂം ഡൗണ്‍ലോഡ് ചെയ്യുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു. കൂട്ടത്തില്‍ ഗൂഗിള്‍ മീറ്റ്, സ്‌കൈപ്പ്, മൈക്രോസോഫ്റ്റ് ടീംസ് എന്നീ അപ്പുകള്‍ക്ക് പ്രചാരം വര്‍ദ്ധിച്ചെങ്കിലും സൂം തന്നെയാണ് ഒന്നാമൻ ആയത്. അതേസമയം മെയ്ഡ് ഇന്‍ ഇന്ത്യ അപ്പുകള്‍ക്ക് ഏറെ പ്രചാരം ലഭിക്കുന്ന ഈ സമയത്ത് സൂമിന് കനത്ത വെല്ലുവിളിയുയര്‍ത്തുകയാണ് റിലയന്‍സ് ജിയോ.

മാസങ്ങള്‍ നീണ്ട ടെസ്റ്റിംഗിന് ശേഷം ജിയോമീറ്റ് വീഡിയോ കോള്‍ ആപ്പ് വ്യാഴാഴ്ച റിലയന്‍സ് ജിയോ പുറത്തുവിട്ടു. ആപ്പ് സ്റ്റോറില്‍ 4.8 റേറ്റിംഗും, ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ 4.6 റേറ്റിങ്ങും ഉള്ള ജിയോമീറ്റ് ആപ്പ് ഇതിനകം ഒരു ലക്ഷത്തിലധികം പേര് ഡൗണ്‍ലോഡ് ചെയ്തു.100 ആള്‍ക്കാരെ വരെ വീഡിയോ കാള്‍ ചെയ്യാവുന്ന സംവിധാനവുമായാണ് ജിയോമീറ്റ് ആപ്പിന്റെ വരവ്. നിങ്ങളുടെ മൊബൈല്‍ നമ്പര്‍, പേര്, ഇമെയില്‍ ഐഡി എന്നിവ നല്‍കി ജിയോമീറ്റ് ആപ്പ് സൈന്‍ ഇന്‍ ചെയ്യാം.സൈന്‍ ഇന്‍ ചെയ്യാതെ തന്നെ നിങ്ങള്‍ക്ക് ഒരു മീറ്റിംഗില്‍ ചേരാനാകും. പക്ഷെ നിങ്ങള്‍ക്ക് ഒരു വീഡിയോ കോള്‍ ആരംഭിക്കുന്നതിന് സൈന്‍ ചെയ്യണം.സൂമിന് ഏറെ സമാനമാണ് ജിയോ മീറ്റ്.സൂമിന് സമാനമായി ഒരു മീറ്റിംഗ് ഷെഡ്യൂള്‍ ചെയ്യാനും പങ്കെടുക്കുന്നവരുമായി മുന്‍കൂട്ടി മീറ്റിംഗ് കോഡ് പങ്കിടാനും ജിയോമീറ്റിൽ സാധിക്കും. മിക്ക വീഡിയോ കോണ്‍ഫറന്‍സിംഗ് ആപ്പുകളും സൗജന്യമായി ഉപയോഗിക്കുന്നതിന് പരിധിയുണ്ട്. അതേസമയം ജിയോമീറ്റ് തടസമില്ലാതെ 24 മണിക്കൂറും സൗജന്യമായി ഉപയോഗിക്കാം.