മദ്യലഹരിയിൽ കാറോടിച്ച് 60കാരിയെ ഇടിച്ചിട്ട എസ്.ഐ അറസ്‌റ്റിൽ
Sunday 05 July 2020 2:04 AM IST
ന്യൂഡൽഹി: കിഴക്കൻ ഡൽഹിയിലെ ഗാസിപ്പൂരിൽ മദ്യ ലഹരിയിൽ കാറോടിച്ച് 60കാരിയെ ഇടിച്ചുവീഴ്‌ത്തിയ എസ്.ഐയെ നാട്ടുകാർ പിടികൂടി. അപകടം സംഭവിച്ചയുടൻ കടന്നു കളയാൻ ശ്രമിച്ച പൊലീസ് സബ് ഇൻസ്‌പെക്‌ടർ യോഗേന്ദ്രയെ (56) ആണ് നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്. നടന്നു പോകുന്ന സ്‌ത്രീയെ കാർ ഇടിച്ചിടുന്നതും സമീപത്ത് കൂടി നിന്ന ആളുകൾ ബഹളം വയ്‌ക്കുന്നതും സി.സി.ടിവി ദൃശ്യങ്ങളിൽ കാണാം. ഇടിച്ചിട്ടിട്ട് നിറുത്താതെ കാർ മുന്നോട്ടെടുത്തതോടെ ആ സ്ത്രീ വണ്ടിക്കടിയിലാവുകയായിരുന്നു. കാർ സ്‌ത്രീയുടെ മുകളിൽ കൂടി കയറിയിറങ്ങി. അടിയിൽ കുടുങ്ങിയ സ്ത്രീയെയും വലിച്ച് മുന്നോട്ടു നീങ്ങിയപ്പോഴാണ് ആളുകൾ വണ്ടി തടഞ്ഞത്. പരിക്കേറ്റ സ്ത്രീ ആശുപത്രിയിൽ ചികിത്സയിലാണ്. മദ്യലഹരിയിലായിരുന്ന യോഗേന്ദ്രയ്‌ക്കെതിരെ കൊലപാതക ശ്രമത്തിന് കേസെടുത്തു.