കൊവാക്‌സിൻ: വിശദീകരണവുമായി ഐ.സി.എം.ആർ
Sunday 05 July 2020 12:06 AM IST
ന്യൂഡൽഹി: എല്ലാവിധ സുരക്ഷാ മുൻകരുതലുകളും ഉറപ്പാക്കിയായിരിക്കും ഇന്ത്യയുടെ കൊവിഡ് വാക്‌സിൻ ആയ 'കൊവാക്‌സിൻ" വികസിപ്പിക്കുയെന്നും ആഗസ്‌റ്റ് 15 എന്ന സമയ പരിധി നൽകിയത് നടപടികൾ വേഗത്തിലാക്കാൻ ലക്ഷ്യമിട്ടാണെന്നും ഇന്ത്യൻ മെഡിക്കൽ ഗവേഷണ കൗൺസിൽ വ്യക്തമാക്കി. മനുഷ്യരിൽ പരീക്ഷണത്തിന് അനുമതി ലഭിച്ച ഹൈദരാബാദിലെ ഭാരത് ബയോടെക്കിനോട് വാക‌്സിൻ പെട്ടെന്ന് തയ്യാറാക്കാൻ നിർദ്ദേശം നൽകിയത് വിവാദമായ സാഹചര്യത്തിലാണ് വിശദീകരണം.
വാക്‌സിൻ വികസനത്തിലെ അവശ്യ നടപടിക്രമങ്ങൾ ഒഴിവാക്കാൻ നിർദ്ദേശിച്ചിട്ടില്ല. -പരീക്ഷണത്തിനുള്ള ആളുകളുടെ തിരഞ്ഞെടുപ്പ് പൂർത്തിയാക്കി ഉടൻ ട്രയൽ തുടങ്ങാനാണ് ആവശ്യപ്പെട്ടത്. ഫയലുകൾ നീങ്ങാനുള്ള താമസം വാക്‌സിൻ ഗവേഷണത്തെ ബാധിക്കരുതെന്നാണ് അർത്ഥമാക്കിയതെന്നും ഐ.സി.എം.ആർ വ്യക്തമാക്കി.