അമ്മയുടെ ജീവന് വേണ്ടി കരഞ്ഞ് മകൻ, അനക്കമില്ലാതെ ആശുപത്രി ജീവനക്കാർ

Sunday 05 July 2020 12:01 AM IST

ഹാർദോയ്(യു.പി)​: ആശുപത്രിക്ക് മുന്നിൽ അമ്മയുടെ ജീവനുവേണ്ടി നിലവിളിച്ചുകരയുന്ന മകന്റെ ചിത്രം ഹൃദയവേദനയാകുന്നു. ഉത്തർപ്രദേശിലെ ഹാർദോയിൽ സവായിജോർ പ്രാഥമികാരോഗ്യകേന്ദ്രത്തിലാണ് സംഭവം. ഒരു സ്ത്രീയെ വരാന്തയിൽ കിടത്തി, മകൻ ആശുപത്രിയുടെ വാതിലുകൾതോറും സഹായത്തിനായി കരഞ്ഞുകൊണ്ട് മുട്ടിവിളിക്കുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹ്യമാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ഇതിനിടയിൽ ഇയാൾ ആശുപത്രിയുടെ ഒരു ജനൽ ഉടച്ചെങ്കിലും അധികൃതരുടെ ഭാഗത്തുനിന്നും അനുകൂലമായ പ്രതികരണമുണ്ടായില്ല. ഒടുവിൽ, നിസഹയനായി അയാൾ അമ്മയുടെ മൃതദേഹത്തിന് അരികിലിരുന്ന് കരയുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

അതേസമയം, ഇവർ ആശുപത്രിയുടെ ശരിയായ ഗേയ്റ്റ് വഴിയല്ല ഉള്ളിൽ പ്രവേശിച്ചതെന്നും അതുകൊണ്ടാണ് ജീവനക്കാർക്ക് ഇവരെ സഹായിക്കാൻ കഴിയാതെ പോയതെന്നുമാണ് ആശുപത്രി അധികൃതർ നൽകുന്ന വിശദീകരണം. മാത്രമല്ല, സ്ത്രീയെ ആംബുലൻസിൽ കയറ്റി ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയെന്നും അവിടെവച്ചാണ് അവർ മരിച്ചതെന്നും അധികൃതർ പറയുന്നു.