പബ്ജി കൊണ്ടുപോയത് 16 ലക്ഷം

Sunday 05 July 2020 2:31 AM IST

പഞ്ചാബ്: ഒരു മൊബൈൽ ഗെയിം നഷ്ടപ്പെടുത്തിയത് 16 ലക്ഷം രൂപ. പബ്ജി ഗെയിം കളിച്ചാണ് പതിനേഴുകാരൻ ഇത്രയും തുക നഷ്ടപ്പെടുത്തിയത്. ആപ്പിനുള്ളിലെ സാധനങ്ങളായ ഗെയിം കോസ്മെറ്റിക്, പീരങ്കികൾ, ടൂർണമെന്റിനുള്ള പാസുകൾ, വെടിയുണ്ടകൾ എന്നിവ വാങ്ങനാണ് ഇത്രയും പണം ചെലവഴിച്ചിരിക്കുന്നത്. പഞ്ചാബിലെ ഖാഗർ സ്വദേശിയായ 17 കാരൻ പിതാവിന്റെ ആശുപത്രി ചെലവിനായി നീക്കിവച്ച പണമെടുത്താണ് പബ്ജി കളിച്ചത്. ഒരു മാസത്തിനിടെയാണ് ഇത്രയും തുക നഷ്‌ടമായത്. ഫോണിൽ കുട്ടിയുടെ പിതാവിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ സേവ് ചെയ്‌തിരുന്നു. ഇത് ഉപയോഗിച്ചാണ് പർച്ചേസ് നടത്തിയത്. അമ്മയുടെ അക്കൗണ്ടിൽ നിന്നും പണം ചെലവഴിച്ചു. പണം പിൻവലിച്ചപ്പോൾ ബാങ്കിൽ നിന്നും ലഭിച്ച സന്ദേശങ്ങൾ കുട്ടി ഡിലീറ്റ് ചെയ്‌തിരുന്നു.

അക്കൗണ്ടിലെ പണം മുഴുവൻ നഷ്‌ടമായപ്പോഴാണ് മാതാപിതാക്കൾ വിവരമറിഞ്ഞത്. ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാനെന്നു പറഞ്ഞാണ് കുട്ടി മാതാപിതാക്കളുടെ ഫോൺ വാങ്ങിയതും ഉപയോഗിച്ചതും. അമ്മയുടെ പി.എഫ് പണമാണ് അക്കൗണ്ടിലുണ്ടായിരുന്നത്. കുട്ടി ഒരു അക്കൗണ്ടിൽ നിന്നും മറ്റൊരു അക്കൗണ്ടിലേക്ക് പണം ട്രാൻസ്‌ഫർ ചെയ്‌തതിന്റെയും വിവരങ്ങൾ ലഭ്യമായിട്ടുണ്ട്. അച്ഛന്റെ ചികിത്സയ്ക്കും കുട്ടിയുടെ പഠിത്തത്തിനുമായി നീക്കി വച്ച മകനെ വീട്ടുകാർ സ്കൂട്ടർ റിപ്പയറിംഗ് കടയിൽ ജോലിക്ക് വിട്ടു. അവനെ സുഖമായി വീട്ടിലിരിക്കാൻ അനുവദിക്കില്ല. പണത്തിന്റെ വില എന്താണെന്ന് മകൻ തിരിച്ചറിയണമെന്നും പിതാവ് പറഞ്ഞു.