ട്രെയിനുകൾ വെട്ടിക്കുറച്ചേക്കും, "സീറോ-ടെെംടേബി"ളുമായി ഇന്ത്യൻ റെയിൽവെ,​ കൂടുതൽ നിയന്ത്രണങ്ങളോടെ പുതിയ പദ്ധതി

Sunday 05 July 2020 2:45 PM IST

ന്യൂഡൽഹി: ഇന്ത്യൻ റെയിൽവെ "സീറോ-ബേസിഡ് ടെെംടേബിൾ" തയ്യാറാക്കാൻ ഒരുങ്ങുന്നു. ഇത് എല്ലാ ട്രെയിനുകൾക്കും ബാധകമായിരിക്കും. കൊവിഡ് മഹാമാരിക്ക് മുമ്പുള്ളത് പോലെ ആയിരിക്കില്ല ഇനിയുള്ള പ്രവർത്തനങ്ങളെന്നും റെയിൽവെ വ്യക്തമാക്കുന്നു. നേരത്തെ ടെെംടേബിൾ ചെയ്ത എല്ലാ പാസഞ്ചർ ട്രെയിനുകളുടെയും ഷെഡ്യൂളുകളിൽ മാറ്റം വരുത്തും. മെയിൽ-എക്സ്പ്രസ്,​ ട്രെയിനുകളുടെയും മറ്റ് ചില ട്രെയിനുകളുടെയും എണ്ണം കുറയ്ക്കാനും സാദ്ധ്യതയുണ്ട്.

കൊവിഡ് മഹാമാരിമൂലം പദ്ധതി പുറത്തിറങ്ങാൻ വെെകിയെങ്കിലും പദ്ധതി നടപ്പാക്കുമെന്ന് റെയിൽവെ ബോർഡ് ചെയർമാൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതുപ്രകാരം ആഴ്ചയിൽ ഓടുന്ന ഒന്നോ രണ്ടോ ട്രെയിനുകൾ നിറുത്തലാക്കാൻ എളുപ്പമാണ്-ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. ട്രെയിനുകൾ കൂടുതൽ സ്റ്റോപ്പുകളിൽ നിറുത്താത്തതിനാൽ യാത്രാസമയം കുറയ്ക്കാനും സാധിക്കും. ട്രെയിൻ കൂടുതൽ സമയം നിറുത്തിയിടുന്നത് ഒഴിവാക്കും. അതേസമയം,​ സ്വകാര്യ ഓപ്പറേറ്റർമാർ ട്രെയിനുകളുടെ സമയം തീരുമാനിക്കുമ്പോൾ റെയിൽവെ മന്ത്രാലയം ശ്രദ്ധചെലുത്തണമെന്ന് ചില റെയിൽവെ ഉദ്യോഗസ്ഥർ പറ‌ഞ്ഞു.

യാത്രാ ട്രെയിനുകളില്‍ സര്‍വീസ് നടത്താന്‍ സ്വകാര്യ മേഖലയെ ക്ഷണിക്കാനുള്ള പ്രാരംഭ നടപടികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ തുടക്കം കുറിച്ചിരുന്നു. സ്വകാര്യ പങ്കാളിത്തതോടെ 109 റൂട്ടുകളില്‍ യാത്രാ ട്രെയിനുകള്‍ ഓടിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ പ്രാരംഭ നടപടികള്‍ ആരംഭിച്ചിരുന്നത്. സര്‍വീസ് നടത്തുന്നതിനായി സ്വകാര്യ കമ്പനികള്‍ക്ക് അവസരം നല്‍കുമെന്ന് കേന്ദ്ര റെയില്‍വെ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.