24000 കടന്ന് പ്രതിദിന രോഗികൾ കൊവിഡ്: റഷ്യയെ മറികടന്ന് ഇന്ത്യ മൂന്നാമത്
ന്യൂഡൽഹി: കൊവിഡ് രൂക്ഷമായ രാജ്യങ്ങളുടെ പട്ടികയിൽ റഷ്യയെ മറികടന്ന് ഇന്ത്യ മൂന്നാമതായി. ആകെ കേസുകൾ 6.90 ലക്ഷം പിന്നിട്ടു. മരണം ഇരുപതിനായിരത്തോട് അടുത്തു. റഷ്യയിലെ കേസുകൾ 6.81 ലക്ഷം കടന്നു. അമേരിക്കയും ബ്രസീലുമാണ് യഥാക്രമം ഒന്നും രണ്ടും സ്ഥാനത്ത്.
രാജ്യത്തെ പ്രതിദിന രോഗികളുടെ എണ്ണം ഇതാദ്യമായി 24000 കടന്നു. 24 മണിക്കൂറിനിടെ 24850 പുതിയ രോഗികളാണ് ഇന്ത്യയിലുണ്ടായത്. 613 മരണവും റിപ്പോർട്ട് ചെയ്തു. ഒരു ദിവസം ഇത്രയധികം മരണങ്ങളും ഇതാദ്യമാണ്. ശനിയാഴ്ച റിപ്പോർട്ട് ചെയ്ത കൊവിഡ് കേസുകളിൽ 64 ശതമാനവും മഹാരാഷ്ട്ര, തമിഴ്നാട്, തെലങ്കാന, കർണാടക, ആന്ധ്ര എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ്. പോസിറ്റിവിറ്റി നിരക്കിൽ മഹാരാഷ്ട്രയെയും ഡൽഹിയെയും മറികടന്ന് തെലങ്കാന മുന്നിലെത്തി. 20.18 ശതമാനം. മഹാരാഷ്ട്ര-18.44 ശതമാനം, ഡൽഹി-15.67 ശതമാനം.
- മഹാരാഷ്ട്രയിൽ 6555 പുതിയ രോഗികളും 151 മരണവും റിപ്പോർട്ട് ചെയ്തു. ആകെ കേസുകൾ 2,06,619. മരണം 8822.
- ഡൽഹിയിലെ കൊവിഡ് കേസുകൾ ഒരു ലക്ഷത്തോടടുത്തു. ഇന്നലെ 2244 പുതിയ രോഗികളും 63 മരണവും റിപ്പോർട്ട് ചെയ്തു. ആകെ കേസുകൾ 99444. മരണം 3067.
- തമിഴ്‌നാട്ടിൽ 4150 പുതിയ രോഗികളും 60 മരണവും. ആകെ കേസുകൾ 1,11,151. മരണം 1510.
- തമിഴ്‌നാട്ടിൽ ഒരു എം.എൽ.എയ്ക്ക് കൂടി കൊവിഡ്. എ.ഐ.എ.ഡി.എം.കെ കോയമ്പത്തൂർ സൗത്ത് എം.എൽ.എ അമ്മൻ.കെ.അർജുനന് ആണ് രോഗബാധയുണ്ടായത്. ഇദ്ദേഹത്തിന്റെ മൂന്ന് കുടുംബാംഗങ്ങൾക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
- ഗുജറാത്തിൽ 725 പുതിയ രോഗികളും 18 മരണവും. ആകെ കേസുകൾ 36000 കടന്നു.
- യു.പിയിൽ പ്രതിദിന രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധന. 1,153 പുതിയ രോഗികൾ ഇന്നലെയുണ്ടായി. ഇത് ഒരു ദിവസത്തെ ഏറ്റവും ഉയർന്ന കണക്കാണ്. 12 മരണവും കൂടിയായതോടെ ആകെ മരണം 785. കേസുകൾ 27,707.
- ബീഹാറിൽ 403 പുതിയ രോഗികളും 2 മരണവും
- ഒഡിഷ 469 പുതിയരോഗികളും 3 മരണവും
- രാജസ്ഥാൻ 224 പുതിയ രോഗികളും 6 മരണവും.
- ആന്ധ്രാപ്രദേശിൽ 998 പേർക്ക് കൂടി കൊവിഡ്. 14 മരണവും പുതുതായി റിപ്പോർട്ട് ചെയ്തു.
- പഞ്ചാബിൽ 175 പുതിയ രോഗികൾ
- ഡൽഹിയിൽ 106 വയസുള്ളയാൾ കൊവിഡ് മുക്തനായി. ഇദ്ദേഹത്തിന് നാലുവയസുള്ളപ്പോൾ സ്പാനിഷ് ഫ്ലു പിടിപ്പെട്ടിരുന്നു
- ലുധിയാന സെൻട്രൽ ജയിലിലെ 26 തടവുകാർക്ക് കൊവിഡ്
- ഐ.ടി.ബി.പിയിലെ 18 ജവാൻമാർക്ക് കൂടി കൊവിഡ്
നാലുലക്ഷം കടന്ന് രോഗമുക്തി
രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം നാലുലക്ഷം കടന്നു. ഇതുവരെ 4,09,082 പേർക്കാണ് രോഗംഭേദമായത്. രോഗമുക്തി നിരക്ക് 60.77 ശതമാനം. 24 മണിക്കൂറിനിടെ 14856 പേർക്ക് രോഗംഭേദമായി.