ചൈനയുടെ വെട്ടിപ്പിടിക്കൽ ഭീഷണിയിൽ ഭൂട്ടാനും
ന്യൂഡൽഹി: ഇന്ത്യയുമായും നേപ്പാളുമായും ഉള്ള അതിർത്തി തർക്കങ്ങൾക്ക് പിന്നാലെ ഭൂട്ടാനിൽ കണ്ണു വച്ചിരിക്കുകയാണ് ചൈന. അരുണാചൽ പ്രദേശുമായി അതിർത്തി പങ്കിടുന്ന ഭൂട്ടാന്റെ കിഴക്കൻ മേഖല തർക്കപ്രദേശമാണെന്ന് ചൈന ആദ്യമായി പ്രഖ്യാപിച്ചു.
കിഴക്കൻ ഭൂട്ടാനിലെ സക്‌തെംഗ് വന്യജീവിസംരക്ഷണ കേന്ദ്രം തങ്ങളുടേതാണെന്ന് ചൈന അവകാശപ്പെട്ടിരുന്നു. അതിൽ ഭൂട്ടാൻ പ്രതിഷേധം അറിയിച്ചതിന് പിന്നാലെയാണ് കിഴക്കൻ മേഖല തർക്കപ്രദേശമാണെന്ന് ചൈന അവകാശപ്പെടുന്നത്. ഭൂട്ടാൻ - ചൈന അതിർത്തി ഇതുവരെ അടയാളപ്പെടുത്തിയിട്ടില്ല. അതിർത്തിയുടെ കിഴക്കും പടിഞ്ഞാറും നടുക്കും ഏറെക്കാലമായി തർക്കമുണ്ട് - ചൈനീസ് വിദേശമന്ത്രാലയം ഇന്നലെ ബീജിംഗിൽ മാദ്ധ്യമങ്ങൾക്ക് നൽകിയ പ്രസ്താവനയിൽ അവകാശപ്പെട്ടു.
സക്‌തെംഗ് വന്യജീവി സംരക്ഷണ കേന്ദ്രത്തിന് യു. എൻ ഫണ്ട് അനുവദിക്കുന്നതിനെ കഴിഞ്ഞ മാസം ചൈന എതിർത്തിരുന്നു. അരുണാചൽ പ്രദേശുമായി അതിർത്തി പങ്കിടുന്ന ഭൂട്ടാനിലെ ത്രാഷിഗാംഗ് സോംഖാഗ് ജില്ലയിലാണ് സക്‌തെംഗ് വന്യജീവിസംരക്ഷണ കേന്ദ്രം. 1984 മുതൽ 2016വരെ ചൈനയും ഭൂട്ടാനും തമ്മിൽ നടന്ന 24 അതിർത്തി ചർച്ചകളിൽ ഒരിക്കൽ പോലും ഈ പ്രദേശങ്ങൾ പരാമർശിച്ചിട്ടില്ല. 2017ൽ ഇന്ത്യയുമായുണ്ടായ ദോക്‌ലാം സംഘർഷത്തിന് ശേഷം അതിർത്തി ചർച്ച നടന്നിട്ടുമില്ല. അതിനിടയ്‌ക്കാണ് ചൈന ഏകപക്ഷീയമായി ഈ പ്രദേശം തർക്കവിഷയമായി പ്രഖ്യാപിച്ചിരിക്കുന്നത്.
ചൈനയുമായി നയതന്ത്ര ബന്ധം ഇല്ലാത്ത ഭൂട്ടാൻ ഡൽഹിയിലെ ചൈനീസ് എംബസിയെയാണ് പ്രതിഷേധം അറിയിച്ചത്. സക്‌തെങ് വന്യമൃഗസംരക്ഷണ കേന്ദ്രം തങ്ങൾക്ക് പരമാധികാരമുള്ള ഇടമാണെന്നാണ് ഭൂട്ടാൻ പറയുന്നു.
അതിനിടെ തിബറ്റിലേക്ക് ഒരു റോഡ് പണിയാൻ തങ്ങളുടെ അഞ്ചു ജില്ലകളിലായുള്ള 64 ഏക്കർ സ്ഥലം ചൈന അനധികൃതമായി കൈയേറിയെന്നാണ് നേപ്പാൾ പറയുന്നത്. സ്ഥലം തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യത്ത് പ്രക്ഷോഭവും ഉയരുന്നുണ്ട്.
ചൈനയുടെ മുന്നൊരുക്കം അഞ്ചുവിരൽ പദ്ധതിക്കോ?
അറുപതുകളിൽ ചൈന പ്രഖ്യാപിച്ച അഞ്ചു വിരൽ പദ്ധതി നടപ്പിലാക്കുകയാണോ ലക്ഷ്യമിടുന്നതെന്ന് സംശയിക്കുന്നതായി ഇന്ത്യയിലെ പ്രവാസി ടിബറ്റ് ഗവൺമെന്റ് പ്രസിഡന്റ് ലൊബ്സാംഗ് സാങ്കേ പറഞ്ഞു. ടിബറ്റ് കൈപ്പത്തിയാണെന്നും ലഡാക്ക്, നേപ്പാൾ, ഭൂട്ടാൻ, സിക്കിം, അരുണാചൽ പ്രദേശ് എന്നിവ അഞ്ച് വിരലുകളാണെന്നുമാണ് ചൈനയുടെ സിദ്ധാന്തം.