ഒരു കാര്യവും മൂടിവെച്ച് പരിഹരിക്കാൻ കഴിയില്ല, ഗുരുതരമായ ആശയക്കുഴപ്പം എത്രയും പെട്ടെന്ന് മാറ്റുക: സർക്കാരിനോട് സനൽകുമാർ ശശിധരൻ

Monday 06 July 2020 11:40 AM IST

പനിയെ തുടർന്ന് തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ കൊവിഡ് ഒപിയിൽ പോയപ്പോഴുണ്ടായ അനുഭവം പങ്കുവച്ച് സംവിധായകൻ സനൽകുമാർ ശശിധരൻ എഴുതിയ ഫേസ്ബുക്ക് കുറിപ്പ് ഏറെ ചർച്ചയായിരുന്നു. 'കൊവിഡ് ഒപിയിൽ പോയി. പേരു കൊടുത്ത് കാത്തിരുന്നു. ഒരു ടാർപോളിൻ വലിച്ചുകെട്ടിയിട്ടുള്ളതിനു താഴെ ഏതാണ്ട് മുപ്പത് മുപ്പത്തഞ്ചോളം ആളുകൾ കാത്തിരിക്കുന്നു. ഒരാളുടെ വിവരം ശേഖരിക്കാൻ തന്നെ അരമുക്കാൽ മണിക്കൂർ എടുക്കുന്നു. എല്ലാവരും മാസ്ക് ഒക്കെ വെച്ചിട്ടുണ്ടെങ്കിലും പലരും തുപ്പാൻ മുട്ടുമ്പോൾ മാസ്ക് താഴ്ത്തി വിശാലമായി തുപ്പുന്നു, തുമ്മുന്നു. വൈകിട്ട് ഏഴ് മണിക്ക് പോയ ഞാൻ 10 മണിവരെ കാത്തിരുന്നു. പലരുടെയും പേരു വിളിക്കുമ്പോൾ അവർ ഇല്ല. കാത്തിരുന്നു മടുത്തിട്ട് തിരികെ പോയതാണ്' എന്നായിരുന്നു സംവിധായകന്റെ കുറിപ്പ്. ഇതുമായി ബന്ധപ്പെട്ട് നിരവധി പേർ സർക്കാരിനെതിരെ വിമർശനവുമായെത്തിയിരുന്നു.

ഇപ്പോഴിതാ തന്റെ കുറിപ്പിന് വിശദീകരണവുമായി എത്തിയിരിക്കുകയാണ് സനൽ കുമാർ ശശിധരൻ. കേരളം കൊവിഡ് കൈകാര്യം ചെയ്യുന്ന രീതികൾ അപ്പടി മോശമാണ് എന്ന് ആരോപിക്കാൻ ഉദ്ദേശിച്ച് എഴുതിയതായിരുന്നില്ല അതെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

കേരളം കോവിഡ് കൈകാര്യം ചെയ്യുന്ന രീതികൾ അപ്പടി മോശമാണ് എന്ന് ആരോപിക്കാൻ ഉദ്ദേശിച്ച് എഴുതിയതായിരുന്നില്ല ആ പോസ്റ്റ്. പലരും അങ്ങനെ ഉപയോഗിച്ച് കണ്ടു. “ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോരതന്നെ കൊതുകിന്നു കൌതുകം” എന്ന് സമാധാനിക്കാനേ വഴിയുള്ളു. പറയാനുദ്ദേശിച്ചത് ഇതാണ്

കോവിഡ് ടെസ്റ്റിന് എത്തുന്ന രോഗികൾ ഒന്നിച്ച് കൂടിയിരിക്കുന്ന അവസ്ഥ അപകടകരമാണ്. രോഗം ഉള്ളവരും ഇല്ലാത്തവരുമായ നാല്പതും അൻപതും പേർ ആറും ഏഴും മണിക്കൂർ ഒരു സ്ഥലത്ത് കാത്തിരിക്കേണ്ടിവരുന്നത് രോഗ വ്യാപനത്തിന് കാരണമാവും. ഒരു ഓൺലൈൻ സംവിധാനം ഉപയോഗിച്ച് രോഗികളുടെ ഡീറ്റെയിത്സ് ശേഖരിക്കുകയും ടെസ്റ്റിന് ഒരു നിശ്ചിത സമയം നൽകുകയും ചെയ്യുകയാണെങ്കിൽ ടെസ്റ്റ് നടക്കുന്ന സ്ഥലത്ത് ഒരേ സമയം മൂന്നോ നാലോ രോഗികൾ മാത്രമായി നിയന്ത്രിക്കാം. അത് രോഗികൾക്ക് മാത്രമല്ല ആരോഗ്യപ്രവർത്തകർക്കും ഗുണകരമാണ്.

കേരളം കോവിഡ് കൈകാര്യം ചെയ്യുന്നതിൽ തീർച്ചയായും വലിയ അഭിനന്ദനം അർഹിക്കുന്നുണ്ട്. പക്ഷേ രോഗവ്യാപനം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ചെറിയ പിഴവുകൾ പോലും വലിയ വിപത്തുകൾ കൊണ്ടുവരും. കൃത്യമായ വിവരങ്ങൾ ജനങ്ങളിലേക്കെത്തിക്കുകയും സാഹചര്യങ്ങളെ മറികടക്കാൻ സന്നദ്ധരാക്കുകയും വേണം. ഒരു കാര്യവും മൂടിവെച്ച് പരിഹരിക്കാൻ കഴിയില്ല. തുറന്നു വെക്കണം കാണണം പരിഹാരങ്ങൾ തനിയേ വരും.

രോഗവ്യാപനം ക്രമാതീതമായി ഉണ്ടായാൽ നമ്മുടെ ആശുപത്രി സംവിധാനങ്ങൾക്ക് കൈകാര്യം ചെയ്യാൻ കഴിയാത്ത അവസ്ഥയുണ്ടാവും എന്ന തിരിച്ചറിവുണ്ടാവണം. എല്ലാ സൂചനകളും പഠനങ്ങളും പറയുന്നത് രോഗവ്യാപനം ഉണ്ടാകും എന്നു തന്നെയാണ്. അങ്ങനെ വന്നാൽ എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടത് എന്നതേക്കുറിച്ച് കൃത്യമായ ധാരണ വേണം. ചെറിയതോതിലുള്ള രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ തന്നെ ടെസ്റ്റ് ചെയ്യണം എന്ന് പറയുകയും ടെസ്റ്റ് ചെയ്യാനുള്ള സംവിധാനങ്ങൾ കുറവായിരിക്കുകയും ടെസ്റ്റ് ചെയ്ത് ഫലം പോസിറ്റീവ് ആയാൽ എങ്ങിനെ കൈകാര്യം ചെയ്യും എന്നതിന് ഒരു സ്ട്രാറ്റജി ഇല്ലതിരിക്കുകയും ചെയ്യുന്നതുകൊണ്ടാണ് ടെസ്റ്റിംഗിന്റെ കാര്യത്തിൽ ഒരു ആശയക്കുഴപ്പം നിലനിൽക്കുന്നത്. ഈ ഗുരുതരമായ ആശയക്കുഴപ്പം എത്രയും പെട്ടെന്ന് മാറ്റുക എന്നതാണ് അടിയന്തിരമായി ചെയ്യേണ്ടത്.

NB: പനി നന്നായി കുറവുണ്ട് തൊണ്ടവേദനയും.