പ്രതിഫലം വെട്ടിച്ചുരുക്കൽ ; വന്നുകൊണ്ടിരിക്കുന്ന വാർത്തകളിൽ 'മാക്ട'യ്ക്ക് യാതൊരുവിധ പങ്കുമില്ലെന്ന് ജയരാജ്

Monday 06 July 2020 2:12 PM IST

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ താരങ്ങളുടെയും, ദിവസവേതനക്കാരുടെയും പ്രതിഫലം വെട്ടിച്ചുരുക്കുന്നതിൽ മാക്ടയ്ക്ക് യാതൊരുവിധ പങ്കുമില്ലെന്ന് സംവിധായകനും മാക്ട ചെയർമാനുമായ ജയരാജ്. ചലച്ചിത്ര പ്രവർത്തകരുടെ തൊഴിൽപരമായ കാര്യങ്ങളിലും, വേതന കാര്യങ്ങളിലും മാക്ട യാതൊരു വിധത്തിലും ഇടപെടാറില്ലെന്ന് പത്രക്കുറിപ്പിലൂടെ അദ്ദേഹം വ്യക്തമാക്കി.

ജയരാജിന്റെ കുറിപ്പ്

മലയാള ചലച്ചിത്ര സാങ്കേതികപ്രവർത്തകരുടെ സാംസ്കാരിക സംഘടനയാണ് മലയാളം സിനിമ ടെക്നിഷ്യൻസ് അസോസിയേഷൻ എന്ന മാക്ട. ചലച്ചിത്രപ്രവർത്തകരുടെ തൊഴിൽപരമായ കാര്യങ്ങളിലും വേതന കാര്യങ്ങളിലും മാക്ട യാതൊരു വിധത്തിലും ഇടപെടാറില്ല.

ചലച്ചിത്രപ്രവർത്തകരുടെ വേതനം 50 ശതമാനവും, ദിവസവേതനക്കാരുടേത് 25 ശതമാനവുമായി കുറയ്ക്കാൻ തയ്യാറാണെന്നും, ഈ വിവരം പ്രൊഡ്യൂസേഴ്സ് അസോസിയേഷനെയും ഫിലിംചേമ്പറിനെയും അറിയിച്ചിട്ടുണ്ടെന്നും പലപ്രമുഖ ചാനലുകളിലും മാക്ടയുടെ പേരിൽ വന്നുകൊണ്ടിരിക്കുന്ന വാർത്തകളിൽ മലയാളം സിനി ടെക്നീഷ്യൻസ് അസോസിയേഷന് യാതൊരു പങ്കുമില്ലെന്ന് അറിയിച്ചുകൊള്ളുന്നു.

വിശ്വസ്തപൂർവം
ജയരാജ്