കാൺപൂർ കൊല; വികാസ് ദുബെയുടെ തലയ്ക്ക് രണ്ടര ലക്ഷം വിലയിട്ട് ഉത്തർപ്രദേശ് പൊലീസ്

Monday 06 July 2020 5:14 PM IST

കാൺപൂർ: ഡപ്യൂട്ടി സൂപ്രണ്ട് ഉൾപ്പടെ എട്ടോളം പൊലീസുകാരുടെ മരണത്തിനിടയാക്കിയ കാൺപൂരിലെ വെടിവയ്പ്പിന് കാരണക്കാരനായ കൊടും ക്രിമിനൽ വികാസ് ദുബെയെ കണ്ടെത്തി കൊടുക്കുന്നവർക്ക് 2.5 ലക്ഷം രൂപ പാരിതോഷികം നൽകുമെന്ന് ഉത്തർപ്രദേശ് പൊലീസ്. കഴിഞ്ഞ വെള‌ളിയാഴ്ച പുലർച്ചെയാണ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ദുബെയെ പിടികൂടാൻ എത്തിയ പൊലീസ് സംഘത്തിനു നേരെ വെടി വയ്പ്പുണ്ടായത്. ഒരു കൊലക്കേസിൽ അറസ്റ്റ് ചെയ്യാനാണ് പൊലീസ് സംഘം എത്തിയത്. സംഭവത്തിന് ശേഷം ഉടനെ ഒളിവിൽ പോയ ദുബെയ്ക്കെതിരെ കൊലകേസ് ഉൾപ്പടെ നിലവിൽ അറുപതോളം കേസുകളുണ്ട്. പൊലീസ് അറസ്‌റ്റ് ചെയ്യാൻ വരുന്ന വിവരം ചോർത്തികൊടുത്തെന്ന് സംശയിക്കുന്ന നാല് പൊലീസുകാരെ സസ്പെൻഡ് ചെയ്തതായി സംസ്ഥാനത്തെ ക്രമസമാധാന ചുമതലയുള‌ള അഡീഷണൽ ഡയറക്ടർ ജനറൽ പ്രശാന്ത് കുമാർ പറഞ്ഞു.

വെടിവയ്പ്പിനെ തുടർന്ന് ദുബെയുടെ സംഘാംഗങ്ങളിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വികാസ് ദുബെയുടെ വീടും വസ്തുവകകളും ജില്ലാ ഭരണകൂടം ശനിയാഴ്ച തകർത്തിരുന്നു. 2001ൽ ബിജെപി നേതാവിനെ സ്റ്റേഷനിൽ കയറി വെടിവച്ച് കൊന്നതടക്കം നിരവധി ക്രിമിനൽ കേസുകൾ ഇയാൾക്കെതിരെ നിലവിലുണ്ട്. എന്നാൽ ഓരോ തവണയും സ്വാധീനമുപയോഗിച്ച് ഇയാൾ രക്ഷപ്പെടുകയായിരുന്നു.