മുത്തലാഖ് നിയമം ചോദ്യം ചെയ്ത് വനിതാ ലീഗ് സുപ്രീംകോടതിയിൽ

Tuesday 07 July 2020 1:45 AM IST

ന്യൂഡൽഹി :കേന്ദ്ര സർക്കാർ പാസാക്കിയ മുത്തലാഖ് നിയമം ഭരണഘടനാ വിരുദ്ധമാണെന്നും റദ്ദാക്കപ്പെടേണ്ടതാണെന്നും ആവശ്യപ്പെട്ട് വനിതാ ലീഗ് സമർപ്പിച്ച ഹർജിക്ക് സുപ്രീംകോടതി കേന്ദ്രസർക്കാരിന് നോട്ടീസ് അയച്ചു. കേരള സംസ്ഥാന വനിതാലീഗ് ജനറൽ സെക്രട്ടറി നൂർബീനാ റഷീദ് ഫയൽ ചെയ്ത ഹർജിയിൽ സമാന ഹർജികളോടൊപ്പം വാദം കേൾക്കും. മുത്തലാഖ് അസാധുവാക്കിയ സുപ്രീംകോടതിവിധിക്ക് ശേഷം ഭർത്താവ് മുത്തലാഖ് ചൊല്ലിയാലും വിവാഹമോചനം നിലവിൽ വരുന്നില്ല. വിവാഹബന്ധം നിലനിൽക്കുന്നു. ഈ സാഹചര്യത്തിൽ ഭർത്താവിനെതിരെ ക്രിമിനൽ കേസ് എടുക്കുന്നതും ജയിലിലടയ്ക്കുന്നതും കുടുംബബന്ധത്തെ കൂടുതൽ ശിഥിലമാക്കും.വീണ്ടും യോജിക്കാനുള്ള സാധ്യതകൾ ഇല്ലാതാക്കുന്നതായും അഡ്വ. സുൽഫിക്കർ അലി മുഖേന ഫയൽ ചെയ്ത ഹർജിയിൽ പറയുന്നു. വിശ്വാസപ്രകാരമുള്ള വിവാഹമോചന നടപടിക്രമത്തെ ഒരു മതവിഭാഗത്തിന് മാത്രമായി ക്രിമിനൽ കുറ്റമാക്കുന്നത് വിവേചനപരമാണെന്നും ഹർജിക്കാർ ആരോപിക്കുന്നു.