ആശുപത്രികളുടെ അലംഭാവം: കൊവിഡ് രോഗിയുടെ മൃതദേഹം റോഡിൽ
ഭോപ്പാൽ: കൊവിഡ് ബാധിച്ച് മരിച്ച രോഗിയുടെ മൃതദേഹം ആശുപത്രിക്ക് പുറത്ത് ഉപേക്ഷിച്ച് ആംബുലൻസ് ജീവനക്കാർ. ഇലക്ട്രിസിറ്റി ഡിസ്ട്രിബ്യൂഷൻ കമ്പനി ജീവനക്കാരന്റെ മൃതദേഹമാണ് വഴിയരികിൽ ഉപേക്ഷിക്കപ്പെട്ടത്. സി.സി.ടി.വി ദ്യശ്യങ്ങൾ പുറത്തുവന്നതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. രണ്ട് ആശുപത്രികൾ തമ്മിലുള്ള തർക്കമാണ് സംഭവത്തിന് പിന്നിലെന്നാണ് റിപ്പോർട്ടുകൾ. ഭോപ്പാലിലെ പീപ്പിൾസ് ആശുപത്രിക്കു മുന്നിലാണ് സംഭവം.
പി.പി.ഇ കിറ്റ് ധരിച്ച രണ്ടുപേർ ആംബുലൻസിൽ നിന്നിറങ്ങി സ്ട്രെക്ച്ചറിൽ മൃതദേഹം പുറത്തെടുത്ത് ആശുപത്രി നടപ്പാതയ്ക്ക് സമീപം ഉപേക്ഷിക്കുന്നതിന്റെ ദൃശ്യങ്ങളാണ് സി.സി.ടി.വിയിലുള്ളത്.
വൃക്കരോഗ ബാധയെ തുടർന്നാണ് ഇലക്ട്രിസിറ്റി ഡിസ്ട്രിബ്യൂഷൻ കമ്പനി ജീവനക്കാരനായ ആളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശ്വാസതടസവും ന്യുമോണിയയും വന്നതിനെത്തുടർന്നാണ് കൊവിഡ് പരിശോധന നടത്തി പോസിറ്റീവാണെന്ന് തിരിച്ചറിഞ്ഞത്. ഇതോടെ ഇയാളെ കൊവിഡ് രോഗികളെ ചികിത്സിക്കുന്ന ചിരായൂ ആശുപത്രിയിലേക്ക് മാറ്റാൻ തീരുമാനമായി. ആശുപത്രിയിലേക്ക് പോയ ആംബുലൻസ് തിരികെയെത്തി രോഗിയെ വാതിൽക്കൽ ഉപേക്ഷിച്ച് മടങ്ങുകയായിരുന്നു. രോഗിയെ കൊണ്ടുപോയി 40 മിനിട്ടിന് ശേഷം ആംബുലൻസ് മടങ്ങിയെത്തുകയാണെന്ന് തങ്ങളെ അറിയിച്ചുവെന്നാണ് പീപ്പിൾസ് ആശുപത്രി മാനേജർ ഉദയ് ശങ്കർ ദീക്ഷിത് പറയുന്നത്. ഇതിനിടെ തങ്ങൾ ഐ.സി.യു ഉൾപ്പെടെ ശുചീകരണം നടത്താൻ തുടങ്ങിയതിനാൽ രോഗിയെ തിരികെ പ്രവേശിപ്പിക്കാൻ കഴിയില്ലെന്ന് അറിയിച്ചു. തുടർന്നാണ് രോഗിയെ നിലത്ത് ഉപേക്ഷിച്ച് ആംബുലൻസ് മടങ്ങിയത്. രണ്ട് ആരോഗ്യ പ്രവർത്തകർ ഓക്സിജൻ നൽകാൻ ശ്രമിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നെന്നും ശങ്കർ ദീക്ഷിത് പറയുന്നു. എന്നാൽ, ഗതാഗതക്കുരുക്കിൽപെട്ട് രോഗിയുമായി ഇവിടെ എത്തുമ്പോഴേക്ക് അവസ്ഥ മോശമാകുമെന്ന് കണ്ടാണ് പീപ്പിൾസ് ആശുപത്രിയിലേക്ക് തിരികെ പോകാൻ നിർദേശിച്ചതെന്നാണ് ചിരായു ആശുപത്രി ഡയറക്ടർ അജയ് ഗോയങ്ക പറയുന്നത്. ഭോപ്പാൽ കളക്ടർ പീപ്പിൾ ആശുപത്രിയോട് സംഭവത്തിൽ വിശദീകരണം ചോദിച്ചിട്ടുണ്ട്.