'കൊവിഡ് വായുവിലൂടെ പകരുമെന്നതിന്റെ തെളിവുകൾ പുറത്തുവരുന്നു': ഒടുവിൽ ലോകാരോഗ്യ സംഘടനയും സമ്മതിക്കുന്നു

Tuesday 07 July 2020 11:24 PM IST

ജനീവ: കൊവിഡ് രോഗം വായുവിലൂടെ പകരാമെന്നതിന്റെ 'തെളിവുകൾ പുറത്തുവരുന്നു' എന്ന് ലോകാരോഗ്യ സംഘടന. രോഗം വായുവിലൂടെ പകരാമെന്ന സാദ്ധ്യത തങ്ങൾ പരിഗണിക്കുകയാണെന്നാണ് ഡബ്‌ള്യു.എച്ച്,ഒയുടെ കൊവിഡ് രോഗവിഭാഗം ടെക്നിക്കൽ ലീഡായ മരിയ വാൻ കെർഖോവ് വാർത്താ സമ്മേളനത്തിലൂടെ അറിയിച്ചത്.

രോഗം ആളുകളിലേക്ക് പകരുന്നത് സംബന്ധിച്ചുള്ള ലോകാരോഗ്യ സംഘടനയുടെ കണ്ടെത്തലുകൾ പുനഃപരിശോധിക്കണമെന്ന് ഒരു കൂട്ടം ശാസ്ത്രജ്ഞർ ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഡബ്‌ള്യു.എച്ച്,ഒ തങ്ങളുടെ നിലപാടിൽ മാറ്റം വരുത്തുന്ന കാര്യം പരിഗണിക്കുന്നത്.

രോഗമുള്ളയാൾ തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുമ്പോൾ പുറത്തുവരുന്ന സൂക്ഷ്മമായ ഈർപ്പ തുള്ളികൾ പുറത്ത് വരുന്നതിലൂടെയും അവ താഴേക്ക് പതിക്കുന്നതിലൂടെയുമാണ് രോഗം പകരുന്നതെന്നായിരുന്നു ലോകാരോഗ്യ സംഘടന ഇതുവരെ പറഞ്ഞിരുന്നത്.

എന്നാൽ വായുവിൽ പാറിനടക്കുന്ന സാർസ് കോവ്-2വൈറസിനെ ശ്വാസത്തിലൂടെ അകത്തേക്കെടുക്കുന്നവർക്ക് കൊവിഡ് രോഗം വരാമെന്നാണ് 32 രാജ്യങ്ങളിലെ 239 ശാസ്ത്രജ്ഞരുടെ സംഘം പറയുന്നത്. തുറന്ന കത്തിലൂടെ ഇവർ ഇക്കാര്യം ഡബ്‌ള്യു.എച്ച്,ഒയെ അറിയിക്കുകയും ചെയ്തിരുന്നു. വൈറസ് വായുവിൽ അധികനേരം നിലനിൽക്കാമെന്നും ശാസ്ത്രജ്ഞർ പറയുന്നുണ്ട്.