കൊവിഡ് ബാധിതനായ മന്ത്രിയുമായി സമ്പർക്കം; ജാർഖണ്ഡ് മുഖ്യമന്ത്രി ക്വാറന്റൈനിൽ
റാഞ്ചി: കൊവിഡ് പോസിറ്റീവായ ജാർഖണ്ഡ് മന്ത്രി മിഥിലേഷ് ധാക്കൂറുമായി സമ്പർക്കം വന്നതിനെ തുടർന്ന് മുഖ്യമന്ത്രി ഹേമന്ത് സോറൻ സ്വയം ക്വാറന്റൈനിൽ പ്രവേശിച്ചു. സംസ്ഥാന സർക്കാർ ഇന്ന് പുറത്തിറക്കിയ പത്രകുറിപ്പിലാണ് ഈ വിവരം. ഇന്നലെയാണ് മിഥിലേഷ് ധാക്കൂറിന് കൊവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് മുഖ്യമന്ത്രിയുടെ ഓഫീസിലെ ജീവനക്കാരോടും ക്വാറന്റൈനിൽ പോകാൻ നിർദ്ദേശിച്ചിട്ടുണ്ട്. ഹേമന്ത് സോറന്റെ കൊവിഡ് പരിശോധന ഇന്ന് തന്നെയുണ്ടാകും. ഇന്നലെ കൊവിഡ് പോസിറ്റീവായ മന്ത്രിക്കും, ജാർഖണ്ഡ് മുക്തി മോർച്ച എംഎൽഎ ആയ മഥുര മഹാതോയ്‌ക്കും എത്രയും വേഗം രോഗം ഭേദമാകട്ടെയെന്ന് മുഖ്യമന്ത്രി ആശംസിച്ചു.
കൊവിഡ് ആശുപത്രിയായ രാജേന്ദ്ര പ്രസാദ് ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് (റിംസ്) ആശുപത്രിയിൽ ചികിത്സയിലാണ് മന്ത്രിയും എംഎൽഎയും. ജാർഖണ്ഡിൽ ഇതുവരെ 3000 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിലവിൽ സംസ്ഥാനത്ത് 892 ആക്‌ടീവ് കേസുകളുണ്ട്. 22 പേർ രോഗം ബാധിച്ച് മരണമടഞ്ഞു.