ഐസൊലേഷനിലിരിക്കെ മുങ്ങിയ യുവാവിന് മൂന്നു ലക്ഷം രൂപ പിഴ

Thursday 09 July 2020 1:14 AM IST

ഒക്‌ലാൻഡ്: കൊവിഡ് പോസിറ്റീവായതിനെ തുടർന്ന് ഐസൊലേഷനിൽ കഴിയുന്നതിനിടെ ചാടിപ്പോയി മാളുകളിൽ കറങ്ങിയടിച്ച ഇന്ത്യൻ യുവാവിന് തടവും പിഴയും വിധിച്ച് ന്യൂസിലാൻഡ് സർക്കാർ. ആറുമാസം തടവും നാലായിരം ഡോളർ (മൂന്നു ലക്ഷം ഇന്ത്യൻ രൂപ) പിഴയും ഒടുക്കണമെന്നാണ് സർക്കാർ ഉത്തരവ്.

ഇന്നലെ വൈകിട്ടാണ് ഓക്‌ലൻഡിലെ ഒരു നിരീക്ഷണ കേന്ദ്രത്തിൽ ഏവരെയും ആശങ്കയിലാഴ്ത്തിയ സംഭവം അരങ്ങേറിയത്. മാളുകളിൽ കറങ്ങി നടന്ന് ഒന്നര മണിക്കൂറിനു ശേഷമാണ് യുവാവ് മടങ്ങിയെത്തിയത്. ജൂലായ് മൂന്നിന് ഇന്ത്യയിൽ നിന്ന് ന്യൂസിലൻഡിലെത്തിയ യുവാവിനാണ് പരിശോധനയിൽ കാെവിഡ് ബാധിച്ചതായി കണ്ടെത്തിയത്. തുടർന്ന് സർക്കാരിന് കീഴിലുള്ള നിരീക്ഷണ കേന്ദ്രത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു. രോഗലക്ഷണങ്ങൾ പ്രകടമാക്കിയില്ലെങ്കിലും പരിശോധന നടത്തുകയായിരുന്നു. ഇയാൾ കയറിയ മാളിലുള്ള ജീവനക്കാർ സെൽഫ് ക്വാറന്റൈനിൽ പ്രവേശിക്കുകയും കൊവിഡ് പരിശോധന നടത്തുകയും ചെയ്തു. യുവാവിന്റെ പ്രവൃത്തിയെ സ്വാർത്ഥത എന്നാണ് ന്യൂസിലൻഡ് ആരോഗ്യമന്ത്രി ക്രിസ് ഹിപ്കിൻസ് ആരോപിച്ചത്. ഇയാൾക്ക് രോഗം ഭേദമായാലുടൻ ജയിലിൽ അടയ്ക്കാനുള്ള നടപടികൾ സ്വീകരിക്കും. ഇന്ത്യയിൽ ഡൽഹിയിൽ നിന്നെത്തിയ യുവാവാണെന്ന വിവരം മാത്രമേ അധികൃതർ പുറത്തുവിട്ടിട്ടുള്ളൂ. യുവാവ് ചാടിപ്പോയതിനെ തുടർന്ന് നിരീക്ഷണ കേന്ദ്രത്തിലെ സുരക്ഷ വർദ്ധിപ്പിച്ചു. ഇനി ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കുമെന്നും മന്ത്രി പറഞ്ഞു. എന്നാൽ യുവാവ് ചാടിപ്പോയത് സർക്കാരിന്റെ വീഴ്ചയായി ചൂണ്ടിക്കാട്ടുകയാണ് പ്രതിപക്ഷം.