കോൺഗ്രസിന്റെ വിദേശപണമിടപാട്: അന്വേഷണത്തിന് ഏകോപന സമിതി
ന്യൂഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി എം.പി, പ്രിയങ്കാ ഗാന്ധി എന്നിവർ നിയന്ത്രിക്കുന്ന രാജീവ് ഗാന്ധി ഫൗണ്ടേഷൻ, രാജീവ് ഗാന്ധി ചാരിറ്റബിൾ ട്രസ്‌റ്റ്, ഇന്ദിരാഗാന്ധി മെമ്മോറിയൽ ട്രസ്‌റ്റ് എന്നിവയുടെ വിദേശ പണമിടപാടുകളെ പറ്റിയുള്ള അന്വേഷണം ഏകോപിപ്പിക്കാൻ കേന്ദ്ര സർക്കാർ അന്തർമന്ത്രാലയ സമിതി രൂപകരിച്ചു.
ചൈന അടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ള സംഭാവനകൾ സി.ബി.ഐയും പണംതട്ടിപ്പ് എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റും നികുതി വെട്ടിപ്പ് ആദായ നികുതി വകുപ്പുമാണ് അന്വേഷിക്കുന്നത്. എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ് സ്‌പെഷ്യൽ ഡയറക്‌ടർ സമിതിക്ക് നേതൃത്വം നൽകും.
രാജീവ് ഗാന്ധി ഫൗണ്ടേഷൻ 2005-2009 കാലത്ത് ചൈനീസ് സംഭാവനകൾ സ്വീകരിച്ചതിന്റെ കണക്കുകൾ ബി.ജെ.പി അദ്ധ്യക്ഷൻ ജെ.പി നദ്ദ വെളിപ്പെടുത്തിയിരുന്നു. ചൈനീസ് എംബസി വഴി തുക സ്വീകരിച്ചെന്നാണ് ആരോപണം. ലക്‌സംബർഗ് വഴിയുള്ള ഹവാലാ ഇടപാടുകളുടെ വിവരവും ചൈനീസ് സേനയുടെ നിർദ്ദേശ പ്രകാരം വിദേശരാജ്യങ്ങളിലെ ഉന്നതരെ സ്വാധീനിക്കാൻ ചുമതലയുള്ള ചൈനാ അസോസിയേഷൻ ഫോർ ഇന്റർനാഷണൽ ഫ്രണ്ട്‌ലി കോണ്ടാക്‌ട് എന്ന സംഘടനയുമായുള്ള ബന്ധവും ബി.ജെ.പി പുറത്തു വിട്ടിരുന്നു.
എന്നാൽ ചൈനീസ് എംബസി വഴി ലഭിച്ച പണം ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനും സുനാമി പുനരധിവാസത്തിനും ചെലവിട്ടെന്നാണ് കോൺഗ്രസ് വിശദീകരണം. 1.45കോടി രൂപയോളം ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനും ഇൻഡോ-ചൈന ബന്ധം സംബന്ധിച്ച ഗവേഷണത്തിനും വിനിയോഗിച്ചെന്നും കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജെവാല വിശദീകരിച്ചിരുന്നു.