സി.ബി.എസ്.ഇ  പാഠഭാഗങ്ങൾ   വെട്ടിക്കുറച്ചെന്ന  ആരോപണം, തുറന്നടിച്ച് കേന്ദ്ര മന്ത്രി രമേഷ് പൊഖ്‌റിയാൽ നിഷാങ്ക്

Thursday 09 July 2020 3:47 PM IST

ന്യൂഡൽഹി: കൊവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് സി.ബി.എസ്.ഇ സിലബസുകൾ വെട്ടിക്കുറച്ചെന്ന ആരോപണത്തിനെതിരെ പ്രതികരിച്ച് കേന്ദ്ര മാനവ വിഭവശേഷി മന്ത്രി രമേഷ് പൊഖ്‌റിയാൽ നിഷാങ്ക്. ഒമ്പത് മുതൽ പന്ത്രണ്ട് വരെയുളള ക്ലാസുകളിലെ 190 വിഷയങ്ങളിൽ നിന്നുമായി മുപ്പത് ശതമാനം പാഠഭാഗങ്ങൾ മാത്രമാണ് 2020- 21 അദ്ധ്യായന വർഷത്തിൽ ഒഴിവാക്കിയത്. ഈ പാഠഭാഗങ്ങൾ പരീക്ഷയ്ക്ക് ചോദിക്കില്ലെന്നും ബോർഡ് വ്യക്തമാക്കി. നിരവധി ആരോപണങ്ങളും വ്യാജ വാർത്തകളുമാണ് സി.ബി.എസ്.ഇ സിലബസുകൾ വെട്ടിക്കുറച്ചുവെന്ന പേരിൽ ഉണ്ടായതെന്നും ഇതെല്ലം അടിസ്ഥാന രഹിതമാണെന്നും മന്ത്രി വ്യക്തമാക്കി.


പാഠഭാഗത്ത് നിന്ന് ചില പ്രത്യേക വിഷയങ്ങൾ മാത്രം ഒഴിവാക്കിയെന്ന തരത്തിലായിരുന്നു പ്രചരണം. വിമർശകരുടെ കൂട്ടത്തിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജീയുമുണ്ടായിരുന്നു. പൗരത്വം ,വിഭജനം, ഫെഡറലിസം തുടങ്ങിയ വിഷയങ്ങൾ സിലബസിൽ നിന്നും കേന്ദ്ര സർക്കാർ ഒഴിവാക്കിയതായി അറിഞ്ഞപ്പോൾ താൻ ഞെട്ടിപ്പോയെന്നും മമത ട്വിറ്ററിൽ കുറിച്ചിരുന്നു. വെട്ടിക്കുറച്ചതായി മാദ്ധ്യമങ്ങൾ തെറ്റായി പരാമർശിച്ച എല്ലാ പാഠഭാഗങ്ങളുടെയും ശരിയായ വിവരം എൻ.സി.ആർ.ടി യുടെ വാർഷിക കലണ്ടറിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് സി.ബി.എസ്.ഇ അറിയിച്ചു.സി.ബി.എസ്.ഇയുടെ വിശദീകരണത്തിന് പിന്നാലെ എല്ലാ സ്കൂളുകളും എൻ.സി.ആർ.ടി യുടെ വാർഷിക കലണ്ടറിലെ സിലബസുകൾ പിന്തുടരണമെന്നും കേന്ദ്ര മാനവ വിഭവശേഷി മന്ത്രി വ്യക്തമാക്കി.

കൊവിഡ് മൂലമുളള പ്രതിസന്ധിയിൽ വിദ്യാർത്ഥികളുടെ മാനസിക സമ്മർദം കുറയ്ക്കുന്നതിനാണ് പാഠഭാഗങ്ങൾ കുറച്ചതെന്നും നിരവധി വിദഗ്ദ്ധരുടെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും മന്ത്രി ട്വീറ്റിൽ പറഞ്ഞു. ഏവരോടുമുളള അഭ്യർത്ഥനയാണെന്നും രാഷ്‌ട്രീയത്തെ വിദ്യാഭ്യാസത്തിൽ നിന്നൊഴുവാക്കണമെന്നും രാഷ്‌ട്രീയത്തെ കൂടുതൽ വിദ്യാഭ്യാസമുളളതാക്കണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.