ബോളിവുഡിൽ പോര് മുറുകുന്നു! വീഡിയോ കള്ളം പറയുമോ? മഹേഷ് ഭട്ടിനൊപ്പമുള്ള കങ്കണയുടെ പഴയ വീഡിയോ പുറത്തുവിട്ട് പൂജ ഭട്ട്

Friday 10 July 2020 10:50 AM IST

കഴിഞ്ഞമാസമാണ് നടൻ സുശാന്ത് സിംഗ് രജ്പുത്ത് ആത്മഹത്യ ചെയ്തത്. നടന്റെ മരണം സിനിമാലോകത്ത് തന്നെ വൻ വിവാദങ്ങൾക്കാണ് വഴിവച്ചത്. ആത്മഹത്യയ്ക്ക് തൊട്ടുപിന്നാലെ ബോളിവുഡിലെ സ്വജനപക്ഷപാതത്തിനെതിരെ നടി കങ്കണ ഉൾപ്പെടെയുള്ളവർ രംഗത്തെത്തുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ കങ്കണയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് സംവിധായികയും നടിയുമായ പൂജ ഭട്ട്.ട്വിറ്ററിലൂടെ പഴയൊരു അവാർഡ് ഷോയുടെ വീഡിയോ പങ്കുവച്ചാണ് പൂജയുടെ വിമർശനം. ‘ഗ്യാങ്സ്റ്ററി’ന് അവാര്‍ഡ് ലഭിച്ച കങ്കണ മഹേഷ് ഭട്ട്, മുകേഷ് ഭട്ട് എന്നിവരെ ആലിംഗനം ചെയ്തതിനു ശേഷം സ്റ്റേജിലേക്ക് കയറിപ്പോകുന്നതും, ഇരുവർക്കും നന്ദി പറയുന്നതുമാണ് വീഡിയോയിലുള്ളത്.

'വീഡിയോ കള്ളം പറയുമോ? ചില വസ്തുതകൾ ഞാൻ മുന്നോട്ട് വയ്ക്കുന്നു. എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഇപ്പോൾ സ്വജനപക്ഷപാതത്തിനെതിരെ വാതോരാതെ സംസാരിക്കുന്ന കങ്കണയെ തുടക്കത്തിൽ പിന്തുണച്ചത് താരങ്ങളുടെ കുടുംബാംഗങ്ങൾ തന്നെയാണെന്നും പൂജ ഭട്ട് പറയുന്നു.