ഒരു തെറ്റ് ചെയ്യുന്നു എന്ന പൂർണ അറിവോടെയാണ് ഞാൻ ആ ഫോട്ടോഷൂട്ടിൽ പങ്കെടുത്തത്; നോ പറയാൻ പറ്റിയില്ലെന്ന് നടി അനാർക്കലി
കഴിഞ്ഞ ദിവസമാണ് അജു വർഗീസ് നടി അനാർക്കലിയുടെ ഫോട്ടോഷൂട്ട് വീഡിയോ സോഷ്യൽ മീഡിയയിലൂടെ റിലീസ് ചെയ്തത്. വീഡിയോയിൽ കാളിയായിട്ടായിരുന്നു നടിയെത്തിയത്. എന്നാൽ വർഗീയതും വർമവിവേചനവും പ്രചരിപ്പിച്ചു എന്ന രീതിയിൽ വ്യാപകവിമർശഷനമാണ് വീഡിയോയ്ക്ക് ഉയർന്നിരിക്കുന്നത്.
ഇപ്പോഴിതാ വിവാദ ഫോട്ടോഷൂട്ടിന് ഫേസ്ബുക്ക് കുറിപ്പിലൂടെ പ്രതികരണവുമായെത്തിയിരിക്കുകയാണ് അനാർക്കലി.ഒരു തെറ്റ് ചെയ്യുന്നു എന്ന പൂർണ അറിവോടെയാണ് ആ ഫോട്ടോഷൂട്ടിൽ പങ്കെടുത്തതെന്ന് താരം പറയുന്നു. ആദ്യം പറഞ്ഞിരുന്ന തീം മറ്റൊന്നായിരുന്നെന്നും നടി കുറിപ്പിൽ വ്യക്തമാക്കുന്നു. അതോടൊപ്പം ഇനി തന്റെ ഭാഗത്ത് നിന്ന് ഇത്തരമൊരു തെറ്ര് സംഭവിക്കില്ലെന്നും അനാർക്കലി കുറിപ്പിലൂടെ വ്യക്തമാക്കി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
എല്ലാവർക്കും നമസ്കാരം,
ഒരു തെറ്റ് ചെയ്യുന്നു എന്ന പൂർണ അറിവോടെയാണ് ഞാനാ ഫോട്ടോഷൂട്ടിൽ പങ്കെടുത്തത്. ആദ്യം പറഞ്ഞിരുന്ന തീം മറ്റൊന്ന് ആയിരുന്നു. സാങ്കേതിക ബുദ്ധിമുട്ടുകൾ കൊണ്ട് അത് നടക്കാതെ പോയതും, ശേഷം തീം മാറ്റം വരുത്തി കാളി എന്നാക്കി എന്നെന്നെ വിളിച്ചറിയിക്കുകയുമായിരുന്നു. പിന്നീട് NO പറയാൻ പറ്റിയില്ല എന്നുള്ളതാണ് എന്റെ ഭാഗത്ത് നിന്നുണ്ടായ പിഴവ്. അതിന്റെ രാഷ്ട്രീയ ശെരികേടുകൾ മനസിലാവാഞ്ഞിട്ടല്ല. അപ്പോഴത്തെ സാഹചര്യത്തിൽ അതങ്ങ് ചെയ്തു കളയാം, പോട്ടേ എന്ന് മാത്രമേ അലോചിച്ചുള്ളു. എന്നെ ക്ഷണിച്ചയാളോട് തീം മാറ്റിയപ്പോൾ NO പറയാൻ പറ്റിയില്ല. അതൊരു ന്യായമായിട്ട് കണക്കാക്കാൻ പോലും പറ്റില്ല എന്നറിയാം, പക്ഷെ അതാണ് വാസ്തവം. ഇതൊരു ചെറിയ കാര്യമാണ് എന്ന് കരുതിയിട്ടുമില്ല. മലയാള സിനിമ എത്ര റേസിസ്റ് ആണെന്നും, കറുത്ത ശരീരങ്ങൾക്ക് കിട്ടേണ്ട അവസരങ്ങളെ സിസ്റ്റമിക്ക് ആയി ഇല്ലാതാക്കുന്നതിന്റെയും ഭാഗമാണ് ഇത്തരം ഫോട്ടോഷൂട്ടുകൾ എന്നും മനസിലാക്കുന്നു. അംബേദ്കറൈറ്റ് രാഷ്ട്രീയം ഉയർത്തിപ്പിടിക്കുന്ന എല്ലാ വിമർശനവും ഞാൻ അംഗീകരിക്കുന്നു എന്നും, ഇനി ഒരിക്കലും ഇങ്ങനെ ഒരു പിഴവും അറിഞ്ഞു കൊണ്ടെന്റെ ഭാഗത്ത് നിന്നുണ്ടാവില്ല എന്നും ഉറപ്പ് തരുന്നു. ഒരുപാട് പേരെ ഇത് വേദനിപ്പിച്ചിട്ടുണ്ടാവും എന്നും അറിയാം.