ഉറ്റ ചങ്ങാതിക്കായി ചൈന ഇടപെട്ടു , രക്ഷപ്പെട്ട് ശർമ്മ ഒലി; നേപ്പാളിൽ തീരുമാനിച്ചിരുന്ന എൻസിപി പാർട്ടി യോഗം മാ‌റ്റി

Friday 10 July 2020 3:21 PM IST

പ്രധാനമന്ത്രിയും പാർട്ടി ചെയർമാനും തമ്മിലെ അധികാര പ്രശ്‌നം നിലനിൽക്കുന്ന നേപ്പാളി കമ്മ്യൂണിസ്‌റ്റ് പാർട്ടിയിൽ പ്രശ്‌നം പരിഹരിക്കാനായി ഇന്ന് ചേരാനിരുന്ന സ്‌റ്റാന്റിംഗ് കമ്മിറ്റി യോഗം മാറ്രിവച്ചു. അടുത്ത ആഴ്ചത്തേക്കാണ് യോഗം മാ‌റ്രിയത്. ചൈനീസ് വിധേയത്വമുള‌ള പ്രധാനമന്ത്രി കെ.പി. ശർമ്മ ഒലി രാജിവയ്‌ക്കണമെന്ന് പാർട്ടിയിലെ സഹ ചെയർമാനും മുൻ പ്രധാനമന്ത്രിയുമായിരുന്ന പുഷ്പ കുമാർ ദഹൽ എന്ന പ്രചണ്ഡ ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് പ്രതിസന്ധിയിലായ പാർട്ടിയിൽ അധികാര സ്ഥാനങ്ങൾ രാജിവയ്ക്കാതെ പിടിച്ചു നിൽക്കാൻ ഒലി ശ്രമിക്കുകയാണ്. ജുലായ് 7ന് ചേരാനിരുന്ന യോഗം ഇന്നത്തേക്ക് മാറ്റിവച്ചിരുന്നു. ഈ യോഗമാണ് അടുത്തയാഴ്‌ചത്തേക്ക് മാ‌റ്റിയത്.

രാജ്യത്തെ വലിയ മഴയും,വെള‌ളപ്പൊക്കവും മണ്ണിടിച്ചിലും കാരണമാണ് യോഗം മാ‌റ്റിയത് എന്നാണ് ഔദ്യോഗിക വിശദീകരണം.യോഗം മാറ്റിവയ്ക്കുന്നതിന് പ്രചണ്ഡ എതിരായിരുന്നെങ്കിലും മ‌റ്റ് മുതിർന്ന നേതാക്കളുമായി സംസാരിച്ച് തീരുമാനമെടുക്കുകയായിരുന്നു. മുൻപ് നേപ്പാളിലെ ചൈനീസ് അംബാസിഡറായ ഹൊവ് യാങ്‌ക്വി നേപ്പാളി കമ്മ്യൂണിസ്‌റ്റ് പാർട്ടിയിലെ പ്രശ്‌നങ്ങൾ പരിഹരിച്ച് ഒരുമിച്ച് പോകാൻ ചൈനീസ് ഭരണകൂടത്തിന്റെ നി‌ർദ്ദേശ പ്രകാരം ഇടപെട്ടിരുന്നു. എൻസിപി ചെയർമാൻ ദഹലുമായി ഇതു സംബന്ധിച്ച് യാങ്‌ക്വി ചർച്ച നടത്തി. എന്നാൽ ഒലി രാജി വക്കുന്നതാണ് നല്ലത് എന്നാണ് ദഹൽ അഭിപ്രായപ്പെട്ടത്.

അതേസമയം തന്റെ രാഷ്ട്രീയ നിലനിൽപ്പിനായി ഇന്ത്യയെ കു‌റ്റപ്പെടുന്നത് ഒലി തുടരുകയാണ്. പ്രധാനമന്ത്രി സ്ഥാനത്തുനിന്നോ പാർട്ടിയുടെ സഹ ചെയർമാൻ സ്ഥാനത്ത് നിന്നോ ഒലി രാജിവയ്ക്കുന്നത് സംബന്ധിച്ച് ഒലിയെ എതിർക്കുന്നവരും അനുകൂലിക്കുന്നവരും തമ്മിൽ തർക്കം തുടരുകയുമാണ്. നേരെയും ഒളിഞ്ഞും ചൈനയുടെ സ്വാധീനം നേപ്പാളി രാഷ്‌ട്രീയത്തിൽ എന്തായാലും പ്രകടമാകുക തന്നെയാണ്.