അമിതാഭ് ബച്ചനെ കാണാനെത്തിയയാളെ മർദ്ദിച്ച് പണം തട്ടിയ രണ്ട്പേർ പിടിയിൽ
മുംബയ്: രാജ്യത്ത് ലോക്ഡൗൺ നിയന്ത്രണങ്ങൾ ഇളവു വരുത്തിയപ്പോൾ ജൂൺ മാസം അവസാന വാരത്തിൽ തന്റെ ഇഷ്ട നായകനെ കാണാനുളള അതിയായ ആഗ്രഹം കൊണ്ട് ഉത്തർപ്രദേശിൽ നിന്ന് ഇങ്ങ് മുംബയിലെ ജുഹുവിലെത്തിയതാണ് അക്വിൽ ഷെയ്‌ക്(35). എന്നാൽ ഇങ്ങനെ വിഷമിക്കേണ്ടി വരുമെന്ന് അക്വിൽ കരുതിയിട്ടേ ഉണ്ടാകില്ല. അമിതാഭ് ബച്ചനെ കാണാൻ അദ്ദേഹത്തിന്റെ ജുഹുവിലെ വീടിനു മുന്നിലെ തെരുവിൽ താമസിക്കുകയായിരുന്നു അക്വിൽ. താരത്തെ ഒരു നോക്ക് കാണുക അത്ര മാത്രമായിരുന്നു അയാളുടെ ലക്ഷ്യം. എന്നാൽ രാജേന്ദ്ര, സുരേഷ് കാഞ്ജി എന്നീ സ്ഥലത്തെ രണ്ട് റൗഡികൾ അയാളെ ആക്രമിച്ച് ഇയാളുടെ കൈയിലെ പണവും മൊബൈൽ ഫോണും തട്ടിയെടുത്തു.
ഇവർക്കൊപ്പം മദ്യപിക്കാൻ ആവശ്യപ്പെട്ടത് വകവയ്ക്കാത്ത അക്വിലിനെ ബലമായി പിടികൂടി മർദ്ദിക്കുകയും പണവും മൊബൈലും തട്ടിയെടുക്കുകയുമായിരുന്നു. സ്ഥലത്തെ സിസിടിവി ക്യാമറയിലും അക്രമ ദൃശ്യം പതിഞ്ഞിരുന്നു. പ്രതികൾക്കെതിരെ ജുഹു പൊലീസ് കേസെടുത്ത് ഇവരെ അറസ്‌റ്ര് ചെയ്തു.