അന്ന് സുനാമി വന്നപ്പോൾ പ്രതിപക്ഷത്തിരിക്കുന്ന ഞങ്ങൾ പ്രക്ഷോഭത്തിൽ നിന്നും മാറി നിന്നു, നാട്ടിൽ മരണം വ്യാപിക്കണം എന്ന് ആരും ആഗ്രഹിക്കരുത്: പ്രതിപക്ഷത്തിനെതിരെ മുഖ്യമന്ത്രി
തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട പ്രതിപക്ഷ പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ ഇടതുപക്ഷം അധികാരത്തിലേറുന്നതിന് മുൻപുള്ള കാര്യങ്ങളെ കുറിച്ചോർമിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ സുനാമി വന്നപ്പോൾ പ്രതിപക്ഷത്തായിരുന്ന ഇടതുപക്ഷം ഒരു പ്രക്ഷോഭത്തിലായിരുന്നുവെന്നും എന്നാൽ സുനാമി വന്നപ്പോൾ തന്നെ ആ പ്രക്ഷോഭങ്ങൾ ആകെ നാം നിർത്തിവച്ചു എന്നും മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാ രീതിയിലും ഇടതുപക്ഷം സഹകരിക്കാൻ തയ്യാറായിരുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
'ഞങ്ങൾ ലംഘിക്കും. ഇതിന്റെ പ്രോട്ടോക്കോളോന്നും ഞങ്ങൾക്ക് ബാധകമല്ല...എന്ന് പ്രഖ്യാപിച്ചുകൊണ്ട് ഒരു നേതൃത്വനിര തന്നെ സമരത്തിലേക്ക് വരുന്നതിന്റെ അർത്ഥമെന്താണ്? വരട്ടെ..എന്ത് വരാനാണ് പറയുന്നത്? ഏതാണ് അവർ ആഗ്രഹിക്കുന്ന നില? അതാണ് നാം ചിന്തിക്കേണ്ട കാര്യം. നാമെല്ലാം ഒന്നിച്ച് ഒറ്റക്കെട്ടായി രോഗത്തെ പ്രതിരോധിക്കാൻ ഇറങ്ങേണ്ടതാണ്. അതിന് എല്ലാവരും സഹകരിക്കണം എന്നാണ് എനിക്ക് ഈ ഘട്ടത്തിൽ അഭ്യർത്ഥിക്കാനുള്ളത്'- മുഖ്യമന്ത്രി പറഞ്ഞു.
ഇക്കാര്യങ്ങൾ മനുഷ്യസ്നേഹപരമായി ചിന്തിക്കുന്ന ഏതൊരു പ്രസ്ഥാനവും സ്വീകരിക്കുന്ന നിലപാടാണ്. അദ്ദേഹം സൂചിപ്പിച്ചു. പ്രതിപക്ഷത്തെ ലക്ഷ്യം വഴുകൊണ്ടാണ് അദ്ദേഹം ഈ പ്രസ്താവന നടത്തിയത്. നമ്മുടെ നാട്ടിൽ മരണം വ്യാപിക്കണം എന്ന് ആരും ആഗ്രഹിക്കാൻ പാടില്ലെന്നും നമ്മുക്ക് നിയന്ത്രിക്കാൻ കഴിയാത്ത ഒരു സാഹചര്യം വന്നേക്കാമെന്നും അതൊഴിവാക്കലാണ് പ്രധാനമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇന്ന് സംസ്ഥാനത്ത് 448 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 234 സമ്പർക്ക രോഗബാധയും ഇന്നുണ്ടായി.