ഐശ്വര്യ റായിക്കും മകൾ ആരാധ്യയ്ക്കും കൊവിഡ്
ന്യൂഡൽഹി: ബോളിവുഡ് മെഗാസ്റ്റാർ അമിതാബ് ബച്ചനും മകനും നടനുമായ അഭിഷേക് ബച്ചനും പിന്നാലെ നടിയും അഭിഷേകിന്റെ ഭാര്യയുമായ ഐശ്വര്യ റായിക്കും മകൾ ആരാധ്യയ്ക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇരുവരും വീട്ടിൽ ക്വാറന്റൈനിലാണ്. അമ്മ ജയാബച്ചനും മറ്റും കുടുംബാംഗങ്ങൾക്കും രോഗബാധയില്ലെന്നും അഭിഷേക് ബച്ചൻ ട്വീറ്റ് ചെയ്തു.
ആന്റിജൻ പരിശോധനയിൽ ബച്ചൻ കുടുംബാംഗങ്ങളായ ഐശ്വര്യയുടെയും ആരാധ്യയുടെയും ജയബച്ചന്റെയും പരിശോധനാഫലം നെഗറ്റീവായിരുന്നുവെന്നും തുടർന്ന് നടത്തിയ സ്രവ പരിശോധനയിലാണ് ഐശ്വര്യയ്ക്കും മകൾക്കും രോഗം സ്ഥിരീകരിച്ചതെന്നും വിവിധ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇരുവർക്കും കൊവിഡ് സ്ഥിരീകരിച്ചെന്നും ജയബച്ചന് രോഗമില്ലെന്നും മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് ടോപ്പെ ട്വീറ്റ് ചെയ്‌തെങ്കിലും പിന്നീടത് ഡിലീറ്റ് ചെയ്തിരുന്നു. മൂന്നുപേരുടെയും ഫലം നെഗറ്റീവാണെന്നാണ് മുംബയ് മേയർ നേരത്തെ അറിയിച്ചിരുന്നത്.
ശനിയാഴ്ചയാണ് അമിതാബ് ബച്ചനും അഭിഷേക് ബച്ചനും കൊവിഡ് സ്ഥിരീകരിച്ചത്. ഇവർ മുംബയിലെ നാനാവതി ആശുപത്രിയിൽ ചികിത്സയിലാണ്. അമിതാ ബച്ചനും അഭിഷേകിനും ചെറിയ രോഗലക്ഷണങ്ങളുണ്ടെങ്കിലും ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്നാണ് റിപ്പോർട്ട്.
ആശുപത്രിയിൽ കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. ബച്ചന്റെ മുംബയിലെ ബംഗ്ലാവ് ജൽസ ബി.എം.സി അധികൃതർ അണുവിമുക്തമാക്കി. ബച്ചൻ കുടുംബത്തിലെ ജോലിക്കാരെയും പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്.
അനുപംഖേറിന്റെ കുടുംബാംഗങ്ങൾക്ക് കൊവിഡ്
ബോളിവുഡ് താരം അനുപംഖേറിന്റെ അമ്മ ദുലരി,സഹോദരൻ രാജു, സഹോദരന്റെ ഭാര്യ റിമ, അനന്തരവൾ വൃന്ദ തുടങ്ങിയവർക്ക് കൊവിഡ് സ്ഥിരീകരിച്ചു. അനുപംഖേറിന്റെ പരിശോധനാഫലം നെഗറ്റീവാണ്. അദ്ദേഹം തന്നെയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്.
സെക്യൂരിറ്റി സ്റ്റാഫിന് കൊവിഡ് ബാധിച്ചതോടെ മുതിർന്ന നടി രേഖയുടെ മുംബയ് ബാന്ദ്രയിലെ ബംഗ്ലാവ് അധികൃതർ അടച്ചു. പ്രദേശം കണ്ടെയ്ൻമെന്റ് സോണായും പ്രഖ്യാപിച്ചു.
നേരത്തെ ബോളിവുഡ് താരങ്ങളായ ആമിർഖാൻ, ജാൻവികപൂർ, സംവിധായകൻ കരൺജോഹർ എന്നിവരുടെ സ്റ്റാഫുകൾക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.