കണ്ണപ്പൻകുണ്ടിൽ സംഘർഷം; ആറ് പേർക്ക് പരിക്ക്

Monday 13 July 2020 1:20 AM IST

താമരശ്ശേരി: പുതുപ്പാടി ഗ്രാമപഞ്ചായത്തിലെ കണ്ണപ്പൻകുണ്ടിൽ സി.പി.എം-കോൺഗ്രസ് സംഘർഷത്തിൽ വനിതാ ഗ്രാമ പഞ്ചായത്തംഗം ഉൾപ്പെടെ ആറ് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് പരിക്ക്. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. തലയ്ക്ക് സാരമായി പരിക്കേറ്റ കണ്ണപ്പൻകുണ്ട് പുലിക്കുന്നേൽ അമൽ മൈക്കിളി(26)നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പുതുപ്പാടി ഗ്രാമപഞ്ചായത്തംഗം ബീന തങ്കച്ചൻ, ജോർജ്, വിനു, ജെയ്‌സൺ, ഷിജു ഐസക് എന്നിവരെ താമരശ്ശേരി ഗവ. താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. വാർഡിൽ ഗ്രാമപഞ്ചായത്ത് മെമ്പറോടൊപ്പം വന്ന കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ചപ്പാത്ത് വച്ച് സി.പി.എം പ്രവർത്തകർ കാർ തടഞ്ഞ് മർദ്ദിക്കുകയായിരുന്നുവെന്ന് കോൺഗ്രസ് ആരോപിച്ചു. കണ്ണപ്പൻകുണ്ടിൽ ജനപ്രതിനിധിയെയും യൂത്ത് കോൺഗ്രസ് പ്രവർത്തകരെയും മർദ്ദിച്ച സി.പി.എമ്മുകാരെ അറസ്റ്റ് ചെയ്യണമെന്ന് ഡി.സി.സി ജന. സെക്രട്ടറി പി.സി.ഹബീബ് തമ്പി ആവശ്യപ്പെട്ടു. നാട്ടിൽ കുഴപ്പങ്ങൾ സൃഷ്ടിക്കാൻ സി.പി.എം മനഃപൂർവം നടത്തിയതാണ് കണ്ണപ്പൻകുണ്ടിലെ അക്രമമെന്ന് യൂത്ത് കോൺഗ്രസ് തിരുവമ്പാടി നിയോജക മണ്ഡലം പ്രസിഡന്റ് ഷഹീർ എരഞ്ഞോണ പറഞ്ഞു.