നായാട്ടിനുപോയ മൂന്നംഗ സംഘം അറസ്റ്റിൽ തോക്കും തിരകളും പിടിച്ചെടുത്തു

Monday 13 July 2020 11:59 AM IST

കോട്ടയം: ബൈക്കിൽ നായാട്ടിനുപോയ മൂന്നംഗ സംഘം പിടിയിൽ. ഇവരിൽ നിന്നും നാടൻതോക്കും തിരകളും ശാന്തൻപാറ പൊലീസ് പിടിച്ചെടുത്തു. വന്യമൃഗങ്ങളെ വേട്ടയാടാൻ പോവുകയായിരുന്നുവെന്ന് ഇവർ പൊലീസിനോട് സമ്മതിച്ചു. പള്ളിക്കത്തോട്ടിലെ ആലയിൽ നിർമ്മിച്ച തോക്കാണിതെന്ന് പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. തോക്കിന് ലൈസൻസ് എടുത്തിരുന്നോയെന്ന് പൊലീസ് അന്വേഷിച്ചു വരുന്നു.

തോക്ക് ഉടമ കൊമ്പൊടിഞ്ഞാൽ മണലേൽ രാജു (53), തിങ്കൾക്കാട് കൂന്തലിൽ ബിനോയി (41), ബിനോയിയുടെ സഹോദരൻ ബിജോ (34) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

ശാന്തൻപാറ മേഖലകളിൽ വന്യമൃഗവേട്ട സജീവമാണെന്ന വിവരത്തെ തുടർന്ന് പൊലീസും വനംവകുപ്പും ഈ പ്രദേശം നിരീക്ഷണ വലയത്തിലാക്കിയിരുന്നു.

പള്ളിക്കത്തോട്ടിൽ ആലയിൽ നിർമ്മിച്ചിരുന്ന തോക്കുകളിൽ നല്ലൊരുഭാഗം ശാന്തൻപാറ, അടിമാലി, രാജകുമാരി മേഖലകളിൽ വിറ്റിരുന്നതായി പൊലീസ് നേരത്തെതന്നെ കണ്ടെത്തിയിരുന്നു. ഒൻപതോളം പേരെ അറസ്റ്റ് ചെയ്യുകയും ഒരു ഡസനിലേറെ തോക്കുകൾ കണ്ടെത്തുകയും ചെയ്തിരുന്നു. കൊവിഡ് പടർന്നതോടെ തോക്ക് നിർമ്മാണവും വിതരണവും സംബന്ധിച്ച അന്വേഷണം ഇപ്പോൾ മന്ദഗതിയിലാണ്.