രാഹുൽ ഗാന്ധി എന്തുകൊണ്ട് സച്ചിൻ പെെലറ്റിനെ കാണാൻ കൂട്ടാക്കുന്നില്ല?

Monday 13 July 2020 12:55 PM IST

ജയ്പൂർ: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ രാജസ്ഥാനിലും മദ്ധ്യപ്രദേശിലും കോൺഗ്രസ് ശക്തമായ തിരിച്ചുവരവായിരുന്നു നടത്തിയത്. എന്നാൽ ഭരണം തിരിച്ചുപിടിച്ച മദ്ധ്യപ്രദേശിൽ അട്ടിമറി നടത്തി വീണ്ടും ബി ജെ പി അധികാരത്തിലെത്തി. സമാനമായ സംഭവങ്ങളാണ് രാജസ്ഥാനിലും അരങ്ങേറുന്നത്. മദ്ധ്യപ്രദേശില്‍ കമല്‍നാഥും-ജ്യോതിരാദിത്യ സിന്ധ്യയും ഭിന്നാഭിപ്രായങ്ങളുണ്ടായിരുന്നു. അതുപോലെ രാജസ്ഥാനിൽ അശോക് ഗെലോട്ടും-സച്ചിനും തമ്മിലാണ് ഭിന്നത.

30 എം.എല്‍.എമാരുടെ പിന്തുണയുണ്ടെന്ന് അവകാശപ്പെട്ട് രാജസ്ഥാന്‍ സര്‍ക്കാരില്‍നിന്നും ഇടഞ്ഞ് നില്‍ക്കുന്ന സച്ചിന്‍ പൈലറ്റുമായി ഗാന്ധി കുടുംബത്തിൽ നിന്നാരും തന്നെ കൂടിക്കാഴ്ച നടത്താൻ തയ്യാറായില്ല എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. പെെലറ്റിനൊപ്പം ഒരു കൂട്ടം എം എൽ എമാരും ഡൽഹിയിലാണ്. ഒമ്പത് ദിവസം മുമ്പ് സച്ചിൻ ഗാന്ധി പാർട്ടി വക്താക്കളുമായി സംസാരിച്ചിരുന്നു. മുഖ്യമന്ത്രി അശോക് ഗെലോട്ടും സച്ചിന്‍ പൈലറ്റുമായുള്ള തര്‍ക്കങ്ങള്‍ ഒഴിവാകണമെന്നാണ് സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ആഗ്രഹിക്കുന്നതെന്നാണ് അടുത്ത കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നത്.

മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച ചര്‍ച്ചകളിലേക്ക് നീങ്ങാന്‍ ഇരുവര്‍ക്കും താല്‍പര്യമില്ല എന്നും റിപ്പോർട്ടുകളുണ്ട്. അതേസമയം മുഖ്യമന്ത്രി സ്ഥാനത്തില്‍ കുറഞ്ഞതൊന്നും സച്ചിന്‍ പൈലറ്റ് പ്രതീക്ഷിക്കുന്നുമില്ല. ഒരു സമയത്ത് സച്ചിൻ പെെലറ്റിനെ മുഖ്യമന്ത്രിയാക്കണെന്ന് ഗാന്ധി വൃത്തങ്ങൾ ആലോചനകളുണ്ടായിരുന്നു. എന്നാൽ ആ സമയത്ത് സച്ചിൻ ചെറുപ്പമാണ് എന്ന കാരണത്താൽ പാർട്ടി വൃത്തങ്ങൾ മാറ്റി നിറുത്തുകയായിരുന്നു. തുടർന്നായിരുന്നു ഗെലോട്ടിനെ മുഖ്യമന്ത്രിയാക്കിയത്.

സച്ചിന് ഉപമുഖ്യമന്ത്രി സ്ഥാനവും അഞ്ച് വകുപ്പുകളും കോണ്‍ഗ്രസ് സംസ്ഥാനാദ്ധ്യക്ഷ ചുമതലയും നല്‍കി. 2018ലെ തിരഞ്ഞെടുപ്പിന് ശേഷം സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം തന്നോട് നീതി പുലര്‍ത്തിയില്ല എന്ന തോന്നലില്‍ സച്ചിന്‍ പൈലറ്റിനുണ്ട്. ഗെലോട്ടും സച്ചിനും തമ്മിൽ അഭിപ്രായ വിള്ളലുകളുണ്ടായി. 22 എം എൽ എമാരുമായി കമൽനാഥ് സ‌ർക്കാരിൽ നിന്നനും ജ്യോതിരാദിത്യസിന്ധ്യ രാജിവച്ച് ബി ജെപി യിൽ ചേർന്നപ്പോൾ പെെലറ്രും ബി ജെ പിയുമായി ചർച്ച നടത്തിയിരുന്നു.

രാജ്യസഭാ തിരഞ്ഞെടുപ്പോടെ പൈലറ്റ് പാർട്ടി മാറുമെന്നായിരുന്നു ബി.ജെ.പിയുടെ പ്രതീക്ഷ. എന്നാല്‍ നിരാശയായിരുന്നു ഫലമെന്ന് സിന്ധ്യയുടെ അടുപ്പക്കാരിലൊരാള്‍ പറഞ്ഞു. ആ സമയത്ത് തന്നെയാണ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നെന്ന ആരോപണമുന്നയിച്ച് അശോക് രംഗത്തെത്തിയത്.

കോണ്‍ഗ്രസ് സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ബിജെപി ശ്രമിക്കുന്നുവെന്ന ഗെലോട്ടിന്‍റെ ആരോപണത്തില്‍ മൊഴി നല്‍കാന്‍ ആവശ്യപ്പെട്ട് പാര്‍ട്ടി അദ്ധ്യക്ഷന്‍ കൂടിയായ സച്ചിന്‍ പൈലറ്റിന് പോലീസ് നോട്ടീസ് നല്‍കിയതാണ് ഏറ്റവും ഒടുവിലത്തെ പൊട്ടിത്തെറിയിലേക്ക് വഴിവച്ചത്. പൈലറ്റിനെ അപമാനിക്കുന്ന തരത്തിലുള്ള നീക്കമാണ് ഇതെന്നായിരുന്നു അദ്ദേഹത്തെ അനുകൂലിക്കുന്നവരുടെ ആരോപണം.

ആ ആരോപണങ്ങളില്‍ ഗെലോട്ടിനോടൊപ്പം നില്‍ക്കുന്ന സമീപമായിരുന്നു പൈലറ്റ് പരസ്യമായി സ്വീകരിച്ചിരുന്നത്. എന്നാല്‍ ഗെലോട്ടിന്റെ ആരോപണത്തില്‍ മൊഴി നല്‍കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് നോട്ടീസ് നല്‍കിയതാണ് പൈലറ്റിനെ നിരാശപ്പെടുത്തി. കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ കഴിയില്ലെന്നും സര്‍ക്കാരില്‍ പ്രശ്‌നങ്ങളില്ലെന്നുമായിരുന്നു അപ്പോള്‍ പൈലറ്റ് പറഞ്ഞിരുന്നത്. എന്നാൽ വിഷയത്തിൽ രാഹുൽഗാന്ധിയോ സോണിയാ ഗാന്ധിയോ ഇതുവരെ പ്രതികരിച്ചിട്ടില്ല. രാഹുല്‍ ഗാന്ധിയുമായി അടുത്ത ബന്ധമുള്ള നേതാവാണ് പൈലറ്റ്.