ഇസ്ലാം നിയമാവലികൾ മാറ്റി സുഡാൻ, ചരിത്രമാകുന്നത് 30 വർഷത്തെ നിയമം
കാർത്രോം: മുപ്പത് വർഷത്തോളം പഴക്കമുള്ള രാജ്യത്തെ ഇസ്ലാമിത നിയമാവലികൾ മാറ്റി സുഡാൻ. സ്ത്രീകളുടെ നിർബന്ധിത ചേലാകർമ്മം, മുസ്ലിം ഇതര മതസ്ഥർക്കും മദ്യം കഴിക്കാനുള്ള വിലക്ക് തുടങ്ങിയ നിയമങ്ങളാണ് സുഡാൻ സർക്കാർ എടുത്തുകളഞ്ഞത്. മനുഷ്യാവകാശങ്ങളെ ലംഘിക്കുന്ന എല്ലാ നിയമങ്ങളും പിൻവലിക്കുകയാണെന്നാണ് സുഡാൻ നിയമമന്ത്രി നസ്‌റിദീൻ അബ്ദുൽബരി അറിയിച്ചത്.
പുതിയ പരിഷ്കാരത്തിൽ കുറ്റങ്ങൾക്ക് ശിക്ഷയായി നൽകിയിരുന്ന ചാട്ടവറാടിയും നിർത്തലാക്കിയിട്ടുണ്ട്. നിയമ പരിഷ്‌കാരങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതായി വിലയിരുത്തപ്പെടുന്നത് സുഡാനിലെ സ്ത്രീകൾക്ക് സ്വന്തം കുട്ടികളുമായി പുറത്തുപോവാൻ കുടുംബത്തിലെ പുരുഷ അംഗങ്ങളുടെ അനുമതി വേണ്ട എന്നതാണ്. മുപ്പത് വർഷം സുഡാൻ ഭരിച്ച ഒമർ അൽ ബാഷിർ 2019 ഏപ്രിലിൽ ജനകീയ പ്രക്ഷോഭത്തെ തുടർന്ന് അധികാരം ഒഴിഞ്ഞതിന് ശേഷം ഭരണത്തിലെത്തിയ സർക്കാരാണ് സുഡാനിൽ നിയമ പരിഷ്‌കാരങ്ങൾ നടപ്പിലാക്കുന്നത്. ബാഷിറിന് അഴിമതി ആരോപണത്തിൽ രണ്ടു വർഷം സുഡാൻ കോടതി അടുത്തിടെയാണ് തടവ് ശിക്ഷ വിധിച്ചത്. അഴിമതി സാമ്പത്തിക കുറ്റകൃത്യങ്ങളും അടക്കമുള്ള കേസുകളിലാണ് സുഡാനീസ് കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്. അതേസമയം ബാഷിറിന്റെ ഭരണകാലയളവിൽ നടത്തിയ വംശഹത്യക്കും യുദ്ധ കുറ്റ കൃത്യങ്ങൾക്കുമെതിരായ വിചാരണകളും പുരോഗമിക്കുകയാണ്.