പത്തു കിലോ കഞ്ചാവുമായി സഹോദരങ്ങൾ അറസ്റ്റിൽ

Tuesday 14 July 2020 12:18 AM IST

മുക്കം: പത്തു കിലോ കഞ്ചാവുമായി സഹോദരങ്ങളെ മുക്കം പൊലീസ് അറസ്റ്റ് ചെയ്തു. നീലേശ്വരത്ത് വാടകയ്ക്കു താമസിക്കുന്ന പാലക്കാട് കുഴൽമന്ദം സ്വദേശി ചന്ദ്രശേഖരൻ (31), സഹോദരി സൂര്യപ്രഭ (സൂര്യ, 28) എന്നിവരാണ് പിടിയിലായത്. ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ താമസസ്ഥലത്തിന് സമീപത്തുവച്ച് ഇന്നലെ പുലർച്ചെയാണ് ഇവർ പിടിയിലായത്. ഹോട്ടൽ ജീവനക്കാരിയായ വൃദ്ധയെ ഓട്ടോറിക്ഷയിൽ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച ശേഷം അക്രമിച്ച് ആഭരണങ്ങളും പണവും കവർന്ന കേസിലെ അന്വേഷണത്തിനിടയിലാണ് ഇവർ പൊലീസിന്റെ പിടിയിലായത്. ഇവരുടെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ കഞ്ചാവ് വില്പനയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭിച്ചു. ഇവരിൽ നിന്ന് കഞ്ചാവ് വാങ്ങി ചില്ലറ വിൽക്കുന്നവർ നിരീക്ഷണത്തിലാണെന്നും പൊലീസ് പറഞ്ഞു. മുക്കം ഇൻസ്‌പെക്ടർ ബി.കെ. സിജുവിൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. താമരശ്ശേരി ഡിവൈ.എസ്.പി ടി.കെ. അഷ്‌റഫിൻ്റെ‌ മേൽനോട്ടത്തിലാണ് അന്വേഷണം.