'സ്വപ്ന സുരേഷ് മന്ത്രി ജലീലിനെ വിളിച്ചത് 16 തവണ, ഒരു കോളിന്റെ ദൈർഘ്യം 26 മിനിട്ട്‌, വിവരങ്ങൾ എൻ.ഐ.എയുടെ കൈയ്യിൽ': സ്വർണക്കടത്ത് കേസിൽ വൻ ട്വിസ്റ്റെന്ന് ദേശീയ മാദ്ധ്യമം

Tuesday 14 July 2020 7:59 PM IST

ന്യൂഡൽഹി: മന്ത്രി കെ.ടി ജലീൽ സ്വർണക്കടത്ത് കേസിലെ രണ്ടാം പ്രതിയായ സ്വപ്ന സുരേഷുമായി 16 തവണ ഫോണിൽ സംസാരിച്ചുവെന്ന് ദേശീയ മാദ്ധ്യമമായ 'ടൈംസ് നൗ'. ഇതിൽ ഒരു കോളിന്റെ ദൈർഘ്യം 26 മിനിറ്റായിരുന്നുവെന്നും മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഫോൺവിളികൾ ഈ വർഷം ഏപ്രിൽ, മെയ് എന്നീ മാസങ്ങളിലാണ് ഇവർ തമ്മിൽ ഫോണിൽ സംസാരിച്ചതെന്നും 'ടൈംസ് നൗ' ചാനൽ പറയുന്നുണ്ട്.

'സ്വർണക്കടത്ത് കേസിൽ വൻ ട്വിസ്റ്റ്' എന്ന തലക്കെട്ട് നൽകിയാണ് മാദ്ധ്യമം ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. സ്വപ്നയുടെ താൻ ഫോണിൽ ബന്ധപ്പെട്ടതാണ് മന്ത്രി ജലീൽ സമ്മതിക്കുന്നുണ്ടെങ്കിലും കേസിൽ തനിക്ക് യാതൊരു പങ്കുമില്ലെന്നാണ് അദ്ദേഹം പറയുന്നതെന്നും മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു. കോൾ ലിസ്റ്റ് സംബന്ധിച്ച വിവരങ്ങൾ തങ്ങൾക്ക് ലഭിച്ചിട്ടുണ്ടെന്നും മാദ്ധ്യമം പറയുന്നുണ്ട്.

കോൾ വിവരങ്ങൾ സംബന്ധിച്ച കാര്യമാണ് നിലവിൽ എൻ.ഐ.എ പരിശോധിച്ചുവരികയാണ്. സ്വപ്നയുമായി ഫോണിലൂടെ താൻ സംസാരിച്ചിരുന്നുവെന്ന് മന്ത്രി കെ.ടി ജലീൽ മാദ്ധ്യമങ്ങളോട് വിശദീകരിച്ചിരുന്നു. റംസാൻ കാലത്തുള്ള ഭക്ഷ്യകിറ്റ് വിതരണവുമായി ബന്ധപ്പെട്ട കാര്യം സംസാരിക്കുന്നതിനായാണ് അവർ തന്നെ വിളിച്ചതെന്നും സ്വപ്ന തന്നെ ഫോണിൽ വിളിക്കുമെന്ന് കോൺസിൽ ജനറൽ നേരത്തെ തനിക്ക് ഫോണിൽ മെസേജ് അയച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.