'അയോദ്ധ്യയെ അപമാനിക്കാൻ ഉദ്ദേശിച്ചില്ല': ശ്രീരാമന്റെ ജന്മസ്ഥലത്തെ അപമാനിക്കാൻ ശ്രമിച്ച നേപ്പാൾ ഒടുക്കം ഇന്ത്യയ്ക്ക് മുന്നിൽ തലകുനിക്കുന്നു

Tuesday 14 July 2020 10:46 PM IST

കാഠ്മണ്ഡു: ഹിന്ദു ദൈവമായ ശ്രീരാമൻ നേപ്പാളിനാണ് ജനിച്ചതെന്നും അയോദ്ധ്യ യഥാർത്ഥത്തിൽ നേപ്പാളിലാണ് സ്ഥിതി ചെയ്യുന്നതെന്നുമുള്ള നേപ്പാൾ പ്രധാനമന്ത്രി ശർമ്മ ഒലിയുടെ പ്രസ്താവനയിൽ ഖേദം പ്രകടിപ്പിച്ച് നേപ്പാൾ വിദേശകാര്യ മന്ത്രാലയം. ഉത്തർ പ്രദേശിലാണ് അയോദ്ധ്യ സ്ഥിതി ചെയ്യുന്നതെന്നും ഇദ്ദേഹം പറഞ്ഞിരുന്നു. അയോദ്ധ്യയുടെ പ്രാധാന്യത്തെയോ സാംസ്‌കാരിക മൂല്യത്തെയോ കുറച്ചുകാണാൻ നേപ്പാൾ ഉദ്ദേശിച്ചിട്ടില്ല എന്നാണു രാജ്യം ഇപ്പോൾ നൽകിയിരിക്കുന്ന വിശദീകരണം.

പ്രധാനമന്ത്രി ഒലി ഇതുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനകൾക്ക് രാഷ്ട്രീയ വിഷയങ്ങളുമായി ബന്ധമില്ലെന്നും പ്രസ്താവന കൊണ്ട് ആരുടേയും മനോവികാരങ്ങൾക്കോ ചിന്തകൾക്കോ ക്ഷതം വരുത്താൻ ഉദ്ദേശിച്ചിരുന്നില്ലെന്നും നേപ്പാൾ വിശദീകരിക്കുന്നു. ശർമ്മ ഒലിയുടെ പ്രസ്‌താവനകൾ നേപ്പാളിലും ഇന്ത്യയിലും ഒരുപോലെ വിമർശനങ്ങൾ ക്ഷണിച്ചുവരുത്തിയിരുന്നു.

ഇന്ത്യയിലെ അതിർത്തി പ്രദേശങ്ങളിൽ നേപ്പാൾ അവകാശം ഉന്നയിച്ചുതുടങ്ങിയപ്പോഴാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകുന്നത്. ഭരണഘടനാ ഭേദഗതിയിലൂടെ നേപ്പാൾ ഈ പ്രദേശങ്ങളിലെ തങ്ങളുടെ അവകാശവാദം ശക്തമാക്കുകയും ചെയ്തു. നേപ്പാളിന്റെ അധിനിവേശ ശ്രമങ്ങളെ ഇന്ത്യ ശക്തമായി നിരാകരിക്കുകയും ചെയ്തിരുന്നു. ശേഷം, തന്നെ അധികാരത്തിൽ നിന്നും താഴെയിറക്കാൻ ഇന്ത്യൻ സർക്കാർ ശ്രമിക്കുന്നുവെന്നും ഒലി ആരോപിച്ചിരുന്നു.