അമേരിക്കയിൽ കൊവിഡ് കേസുകൾ കൂടുന്നത് മികച്ച പരിശോധനയുടെ ഫലമെന്ന് ട്രംപ്  ചൈനയ്ക്കെതിരെയും വിമർശനം

Wednesday 15 July 2020 12:00 AM IST

വാഷിം​ഗ്ടൺ: റഷ്യ, ചൈന, ഇന്ത്യ, ബ്രസീൽ എന്നീ വൻകിട രാജ്യങ്ങളെ അപേക്ഷിച്ച് ലോകത്തിൽ ഏറ്റവും കൂടുതൽ കൊവിഡ് പരിശോധന നടത്തുന്ന രാജ്യം അമേരിക്കയാണെന്ന അവകാശ വാദവുമായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഏറ്റവും കുറവ് മരണനിരക്കുള്ള രാജ്യവും അമേരിക്കയാണെന്ന് ട്രംപ് കൂട്ടിച്ചേർത്തു. ഇതുവരെ 34 ലക്ഷത്തിലധികം ആളുകളിലാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 1,37,000 ത്തിലധികം പേർ മരിച്ചു.

ഭരണകൂടം നടത്തിയ‌ വിപുലമായ പരിശോധനകളുടെ ഫലമായിട്ടാണ് ഇത്രയധികം പോസിറ്റീവ് കേസുകൾ കണ്ടെത്താൻ സാധിച്ചതെന്നും ട്രംപ് പറഞ്ഞു. 'മറ്റെല്ലാ രാജ്യങ്ങളേക്കാൾ വിപുലമായിട്ടാണ് ‍ഞങ്ങൾ പരിശോധനകൾ നടത്തുന്നത്. ഞങ്ങളുടെ പരിശോധനയുടെ ഫലമാണ് കൊവിഡ് രോ​ഗികളുടെ കണ്ടെത്തൽ.' ട്രംപ് പറഞ്ഞു. വളരെ മികച്ച രീതിയിലാണ് തങ്ങളുടെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ എന്നും ട്രംപ് കൂട്ടിച്ചേർത്തു. വാക്സിൻ കണ്ടെത്താനുള്ള ശ്രമങ്ങളും നടന്നു കൊണ്ടിരിക്കുകയാണ്. അധികം താമസിയാതെ നല്ല വാർത്ത പുറത്തു വരുമെന്ന് വിശ്വസിക്കുന്നതായും ട്രംപ് വ്യക്തമാക്കി.

ബ്രസീൽ വളരെയധികം പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. എന്നാൽ പരിശോധന നടത്തുന്ന കാര്യത്തിൽ അവർ വളരെ പിന്നിലാണ്.' ചൈന ലോകത്തോട് ചെയ്തത് മറക്കാൻ കഴിയില്ലെന്നും ട്രംപ് പറഞ്ഞു.