അതിർത്തിയിൽ സുരക്ഷ ശക്തമാക്കും, 300 കോടിയുടെ ആയുധങ്ങൾ വാങ്ങാൻ സായുധസേനയ്ക്ക് പ്രത്യേക അധികാരം നൽകി സർക്കാർ
ന്യൂഡൽഹി : ലഡാക്കിൽ അതിർത്തി പ്രശ്നങ്ങൾ തുടരുന്നതിനിടെ അടിയന്തര സാഹചര്യങ്ങളിൽ 300 കോടി രൂപവരെ വിലമതിക്കുന്ന ആയുധങ്ങളും യുദ്ധോപകരണങ്ങളും വാങ്ങാൻ സായുധസേനയ്ക്ക് സർക്കാർ പ്രത്യേക അധികാരം നൽകിയതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു.
യുദ്ധോപകരണങ്ങൾ രാജ്യത്ത് എത്തുന്നതിന് നേരിടുന്ന കാലതാമസം കുറയ്ക്കാൻ ഇത് സഹായകമാകും. ഓർഡർ നൽകി ഒരു വർഷത്തിനകം സൈന്യത്തിന്റെ കൈവശം ആയുധങ്ങളും യുദ്ധോപകരണങ്ങളും ലഭ്യമാക്കുന്നത് ഉറപ്പാക്കും.
പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഡിഫൻസ് അക്വിസിഷൻ കൗൺസിൽ യോഗത്തിലാണ് നിർണായക തീരുമാനം. അതിർത്തി പ്രദേശങ്ങളിൽ സായുധസേനയുടെ പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് മന്ത്രിയുടെ നേതൃത്വത്തിൽ പ്രത്യേക യോഗം ചേർന്നതെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
ജൂലായ് 2ന് ചേർന്ന ഡിഫൻസ് അക്വിസിഷൻ കൗൺസിൽ യോഗത്തിൽ 38,900 കോടിയുടെ ആയുധങ്ങളും യുദ്ധോപകരണങ്ങളും വാങ്ങാൻ സേനയ്ക്ക് അനുമതി നൽകിയിരുന്നു. വ്യോമസേനയ്ക്കായി പുതിയ 33 യുദ്ധ വിമാനങ്ങൾ ഉൾപ്പെടെയുള്ളവയാണ് വാങ്ങുന്നത്. റഷ്യയിൽ നിന്നും 21 മിഗ്- 29 വിമാനങ്ങളും ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡിൽ നിന്നും 12 സുഖോയ് - 30 യുദ്ധവിമാനങ്ങളും മിസൈലുകളും ഉൾപ്പെടെ വാങ്ങാനാണ് അനുമതി.