30 സെക്കൻഡിൽ അമ്പരപ്പിക്കുന്ന ബാങ്ക് കവർച്ച 10 ലക്ഷം രൂപ ബാഗിലാക്കി പത്തുവയസുകാരൻ

Thursday 16 July 2020 1:57 AM IST

ന്യൂഡൽഹി: വെറും പത്ത് വയസുകാരൻ മുപ്പത് സെക്കന്റിനുള്ളിൽ നടത്തിയ ബാങ്ക് കവർച്ചയിൽ ‌ഞെട്ടിയിരിക്കുകയാണ് രാജ്യം. കണ്ണടച്ച് തുറക്കുന്ന നേരത്തിനുള്ളിൽ കൈക്കലാക്കിയത് പത്ത് ലക്ഷം രൂപ. മദ്ധ്യപ്രദേശിലെ നീമച്ചിലെ സഹകരണ ബാങ്കിലാണ് സംഭവം. ബാങ്ക് ജീവനക്കാർക്കോ ഇടപാടുകാർക്കോ യാതൊരു സംശയവും ഉണ്ടാക്കാത്തവിധമായിരുന്നു പത്തുവയസുകാരന്റെ 'ഓപ്പറേഷൻ'. എന്നാൽ പണവുമായി പുറത്തേയ്ക്ക് ഇറങ്ങി ഓടാനുളള വ്യഗ്രതയുടെ ഇടയിൽ അലാറം മുഴങ്ങിയതാണ് കുട്ടി കള്ളൻ പിടിയിലാകാനിടയാക്കിയത്. കുട്ടി ഓടുന്നതിൽ അസ്വാഭാവികത തോന്നിയ സുരക്ഷാ ഉദ്യോഗസ്ഥൻ പിന്നാലെ ഓടി പിടികൂടുകയായിരുന്നു. ശേഷം ബാങ്കിലെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് മോഷണം നടന്നെന്ന് വ്യക്തമായത്.

 സംഭവം ഇങ്ങനെ

  • സമയം രാവിലെ 11 മണി
  • കീറിപ്പറിഞ്ഞ വസ്ത്രം ധരിച്ച് പത്ത് വയസ് തോന്നിക്കുന്ന ആൺകുട്ടി ബാങ്കിലെത്തുന്നു.
  • കാഷ്യർ ക്യാബിനിൽ നിന്ന് പുറത്തേക്ക് പോകുന്നു
  • പിന്നാലെ കുട്ടി ക്യാബിനിനകത്തേക്ക് കടക്കുന്നു.
  • നോട്ടുകെട്ടുകൾ കൈയിലുണ്ടായിരുന്ന ബാഗിൽ നിക്ഷേപിക്കുന്നു
  • ദ്രുതഗതിയിൽ പുറത്തേക്ക് പോകുന്നു.

 പിന്നിൽ വൻ സംഘം

മറ്റൊരാളുടെ നിർദ്ദേശപ്രകാരമാണ് കുട്ടി മോഷണം നടത്തിയതെന്ന് സി.സി.ടി.വി. ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായി. 20 കാരനായ ഒരാൾ ഏകദേശം 30 മിനിട്ടുകളോളം ബാങ്കിൽ ഉണ്ടായിരുന്നു. കാഷ്യർ സീറ്റിൽ നിന്ന് എഴുന്നേറ്റ് മറ്റൊരു റൂമിലേക്ക് പോയതും ഇയാൾ പുറത്തുനിൽക്കുകയായിരുന്ന കുട്ടിയ്ക്ക് സന്ദേശം കൈമാറി. കുട്ടി ഉടനെ കൗണ്ടറിൽ എത്തി പണം മോഷ്ടിച്ചു കടന്നുകളഞ്ഞു. തീരെ പൊക്കം കുറഞ്ഞ കുട്ടിയായതിനാൽ ക്യൂ നിൽക്കുകയായിരുന്ന ഉപഭോക്താക്കൾ കുട്ടിയെ കണ്ടില്ല. കുട്ടിയെ ഉപയോഗിച്ച് പണം തട്ടിയതിന് പിന്നിൽ വൻസംഘം തന്നെയുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്.