അനുനയവുമായി വീണ്ടും രാഹുൽ
ന്യൂഡൽഹി: അച്ചടക്ക നടപടിക്ക് വിധേയനായ സച്ചിൻ പൈലറ്റിനെ അനുനയിപ്പിച്ച് പാർട്ടിയിൽ നിലനിറുത്താൻ മുൻ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ശ്രമം. സച്ചിൻ ബി.ജെ.പിയിൽ ചേരില്ലെന്ന് വ്യക്തമാക്കിയതിന് പിന്നാലെയാണ് പ്രശ്‌നങ്ങൾ ചർച്ച ചെയ്‌ത് പരിഹരിക്കാമെന്ന് രാഹുൽ ഉറപ്പു നൽകിയത്. സച്ചിനെതിരെ പരസ്യപ്രസ്‌താവനകൾ ഒഴിവാക്കാൻ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിന് നിർദ്ദേശം നൽകിയെന്നും അറിയുന്നു.
ഗെലോട്ടുമായുള്ള പ്രശ്‌നങ്ങൾ പരിഹരിക്കാൻ രാഹുൽ ഇടപെട്ടില്ലെന്ന് സച്ചിൻ സൂചിപ്പിച്ചിരുന്നു. ഹൈക്കമാൻഡ് ഇതു നിഷേധിച്ചതിന് പിന്നാലെയാണ് രാഹുലിന്റെ അനുനയ ശ്രമങ്ങൾ . ബാല്യകാല സുഹൃത്തായ സച്ചിനോട് പാർട്ടിയിൽ തുടരണമെന്ന് രാഹുൽ അഭ്യർത്ഥിച്ചതായാണ് വിവരം.
അതിനിടെ പാർട്ടി വിടണമെന്ന് ആഗ്രഹമുള്ള യുവ നേതാക്കൾക്കായി വാതിൽ തുറന്നിട്ടിരിക്കുകയാണെന്ന് എൻ.എസ്.യു.ഐയിൽ രാഹുൽ പറഞ്ഞെന്ന വാർത്ത തെറ്റാണെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു.