എന്റെ കരിയറിൽ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു അനുഭവം ഉണ്ടായത്: റിമ കല്ലിംഗൽ കാരണം ചിത്രത്തിന്റെ ഷൂട്ടിംഗ് മുടങ്ങിയതിനെ കുറിച്ച് സിബി മലയിൽ
യുവതാരങ്ങളുടെ അച്ചടക്കമില്ലായ്‌മയെ കുറിച്ച് വർഷങ്ങൾക്ക് മുമ്പ് സംവിധായകൻ സിബി മലയിൽ നടത്തിയ പരാമർശം ശ്രദ്ധേയമാവുകയാണ്. 2012ൽ പുറത്തിറങ്ങിയ ഉന്നം എന്ന സിനിമയുമായി ബന്ധപ്പെട്ട് നടി റിമ കല്ലിംഗലുമായുണ്ടായ പ്രശ്‌നങ്ങളാണ് അദ്ദേഹം വെളിപ്പെടുത്തുന്നത്. മൂന്നര പതിറ്റാണ്ടിൽ അധികം നീണ്ടുനിൽക്കുന്ന കരിയറിൽ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു സംഭവം ഉണ്ടായതെന്ന് സിബി മലയിൽ വെളിപ്പെടുത്തുന്നു.
'എന്റെ കരിയറിൽ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു സംഭവം ഉണ്ടായത്. ഒരു ആർട്ടിസ്‌റ്റ് (റിമ കല്ലിംഗൽ) നമ്മൾ അറിയാതെ ലൊക്കേഷനിൽ നിന്ന് വിട്ടുപോവുക. രാവിലെ ഷൂട്ടിംഗിന് വിളിക്കാൻ ചെല്ലുമ്പോൾ ആളില്ലാതെ ഇരിക്കുക. ഈ അനുഭവങ്ങൾ എന്നെ സംബന്ധിച്ചിടത്തോളം ആദ്യമായിരുന്നു. സിനിമ എന്നുപറയുന്ന പ്രൊഫഷൻ അവർക്കു കൊടുക്കുന്ന ഗ്ളാമർ, അംഗീകാരങ്ങൾ എന്നിവ മറ്റു രീതിയിലുള്ള ചില സൗകര്യങ്ങൾ ഉണ്ടാക്കി കൊടുക്കുന്നുണ്ട്. ഉദ്‌ഘാടനങ്ങളും മറ്റുമൊക്കെ തന്നെ ഉദാഹരണം. അടിസ്ഥാനപരമായി സിനിമ ഉള്ളതുകൊണ്ടാണ് ഇത്തരം ഉദ്‌ഘാടനങ്ങൾക്ക് വിളിക്കുന്നതെന്ന് ഞാൻ അവരോട് പറഞ്ഞിട്ടുണ്ട്. അത്തരത്തിൽ സിനിമയ്‌ക്കപ്പുറത്ത് വലിയ വരുമാന മാർഗങ്ങൾ ഉണ്ടാവുകയും സിനിമയ്‌ക്ക് കൊടുക്കുന്ന പ്രാധാന്യം കുറയുകയും ചെയ്യുമ്പോഴാണ് പ്രൊഫഷണലിസം നഷ്‌ടപ്പെടുന്നത്.- സിബി മലയിൽ പറഞ്ഞു.