റെക്കാഡിട്ട് അഡ്വക്കേറ്റ് ജനറൽ
ഭരണഘടനാപരമായി നമ്മുടെ രാജ്യത്ത് ഒാരോ സംസ്ഥാനത്തും നിർബന്ധമായി ഉണ്ടായിരിക്കേണ്ട പരമോന്നത നിയമോദ്യോഗസ്ഥനാണ് അതത് സംസ്ഥാനത്തിലെ അഡ്വക്കേറ്റ് ജനറൽ. ഇന്ത്യൻ ഭരണഘടനയിലും മറ്റു നിയമങ്ങളിലും അഗാധ പാണ്ഡിത്യവും ഹൈക്കോടതി ജഡ്ജി ആയിരിക്കാൻ യോഗ്യതയുമുള്ള അഭിഭാഷകനാണ് ഒാരോ സംസ്ഥാനത്തും അഡ്വക്കേറ്റ് ജനറലായി നിയമിക്കപ്പെടുന്നത്. മന്ത്രിസഭയുടെ ഉപദേശപ്രകാരം സംസ്ഥാന ഗവർണർ നിയമിക്കുന്ന അഡ്വക്കേറ്റ് ജനറലിന് ഗവർണർക്ക് ഇഷ്ടമുള്ളിടത്തോളം കാലം ആ പദവി വഹിക്കാവുന്നതാണ്. ഒരു മന്ത്രിസഭയുടെ ആരംഭത്തിൽ നിയമിക്കപ്പെടുന്ന അഡ്വക്കേറ്റ് ജനറൽ ആ മന്ത്രിസഭയുടെ കാലാവധി അവസാനിക്കുന്നതുവരെ പ്രസ്തുത പദവിയിൽ തുടരുകയാണ് പതിവ്. അഡ്വക്കേറ്റ് ജനറലിന്റെ ഒൗദ്യോഗികകാലാവധിക്ക് പ്രായവും പരിധിയും നിശ്ചയിച്ചിട്ടില്ല.
ഇപ്പോഴത്തെ അഡ്വക്കേറ്റ് ജനറൽ സി.പി. സുധാകരപ്രസാദ് കഴിഞ്ഞ അരനൂറ്റാണ്ടിൽ നമ്മുടെ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കാലം ആ മഹത്തായ പദവി വഹിക്കുന്ന വ്യക്തിയായി മാറിയിരിക്കയാണ്. 2006 മുതൽ 2011 വരെ അദ്ദേഹം അഡ്വക്കേറ്റ് ജനറലായിരുന്നു. വീണ്ടും 2016 ജൂൺ മുതൽ അദ്ദേഹം ആ പദവി വഹിച്ചുകൊണ്ടിരിക്കുന്നു. അദ്ദേഹത്തിന്റെ പ്രതിബദ്ധതയും തൊഴിലിനോടുള്ള സത്യസന്ധതയും ആശയദർശ ശുദ്ധിയും, കഠിനാദ്ധ്വാനവും അന്തസുറ്റ പെരുമാറ്റ രീതിയും പ്രത്യേകിച്ച് അദ്ദേഹം മുൻ ഗവൺമെന്റിന് നൽകിയിരുന്ന അവസരോചിതവും യുക്തിപൂർണവും ഗുണകരവുമായ നിയമോപദേശങ്ങളും എല്ലാംതന്നെ അദ്ദേഹത്തെ 2016 ൽ വീണ്ടും അഡ്വക്കേറ്റ് ജനറലായി നിയമിക്കപ്പെടാൻ അവസരമൊരുക്കി. അങ്ങനെ അഡ്വക്കേറ്റ് ജനറലായി രണ്ടാമൂഴം ലഭിക്കുന്ന . കേരളത്തിലെ അഡ്വക്കേറ്റ് ജനറലുമാരായി പല പ്രമുഖ നിയമജ്ഞരും പ്രവർത്തിച്ചിരുന്നുവെങ്കിലും കഴിഞ്ഞ 50 വർഷമായി ഏറ്റവും കൂടുതൽകാലം ആ പദവി വഹിക്കുവാനുള്ള അവസരം സുധാകര പ്രസാദിനാണ് ലഭിച്ചിട്ടുള്ളത്.
ഒരു അഡ്വക്കേറ്റ് ജനറലിന് ഭാരിച്ചതും സങ്കീർണങ്ങളുമായ നിരവധി ചുമതലകളാണ് നിർവഹിക്കാനുള്ളത്. പ്രധാനമായും സംസ്ഥാന ഗവൺമെന്റിന്റെ നിയമോപദേഷ്ടാവാണ് അദ്ദേഹം. ഹൈക്കോടതി ആവശ്യപ്പെടുകയാണെങ്കിൽ വളരെ പ്രാധാന്യമുള്ള കേസുകളിൽ ഹൈക്കോടതിയെ സഹായിക്കുക, സംസ്ഥാന ഗവൺമെന്റ് കക്ഷിയായി ഹൈക്കോടതിയിലും സുപ്രീംകോടതിയിലും വരുന്ന കേസുകളിൽ ഹാജരായി യഥാവിധി നടത്തുക, ഗവർണർ ആവശ്യപ്പെടുന്ന പക്ഷം അദ്ദേഹത്തിന് നിയമോപദേശം നൽകുക, സംസ്ഥാന ഗവൺമെന്റ് ആവശ്യപ്പെടുന്ന അവസരത്തിൽ നിയമനിർമ്മാണ സഭയിൽ ഒരു മന്ത്രിയെ പോലെ നടപടികളിൽ പങ്കെടുക്കുക തുടങ്ങി ഭരണഘടനാപരമായും അതത് കാലത്ത് നിലനിൽക്കുന്ന നിയമപ്രകാരവുമായ ചുമതലകളും കടമകളും നിറവേറ്റുക തുടങ്ങിയവയാണ് അഡ്വക്കേറ്റ് ജനറലിൽ അർപ്പിതമായ പ്രധാനജോലികൾ.
അൻപത്തിയഞ്ചിലേറെ വർഷങ്ങളായി കേരള ഹൈക്കോടതിയിൽ അഭിഭാഷകവൃത്തി ചെയ്തുവരുന്ന സുധാകരപ്രസാദ് ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകരിലൊരാളും മാന്യതയുടെ പ്രതീകവുമാണ്. കേരള,ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസ് എന്നീ നിലകളിൽ വളരെയേറെ ഖ്യാതിനേടിയ സുബ്രഹ്മണ്യൻ പോറ്റിയുടെ കീഴിലാണ് സുധാകരപ്രസാദ് ഹൈക്കോടതിയിൽ അഭിഭാഷക വൃത്തി ആരംഭിച്ചത്. 1964 ൽ അഭിഭാഷകനായ ശേഷം ഒരു ഹ്രസ്വകാലഘട്ടം കെ.പി.സി.സി പ്രസിഡന്റും മന്ത്രിയുമൊക്കെ ആയിരുന്ന സി.വി. പത്മരാജൻ സാറിന്റെ ജൂനിയറായും കൊല്ലം കോടതികളിൽ ഇദ്ദേഹം പ്രാക്ടീസ് ചെയ്തിരുന്നു. ഹൈക്കോടതിയിൽ പ്രാക്ടീസ് തുടങ്ങി അല്പകാലത്തിനുള്ളിൽ അദ്ദേഹം അറിയപ്പെടുന്ന അഭിഭാഷകരുടെ നിരയിലെത്തി. 42-ാമത്തെ വയസിൽ അദ്ദേഹത്തെ ഹൈക്കോടതി ജഡ്ജിയായി നിയമിക്കുവാനുള്ള ശുപാർശ അന്നത്തെ ചീഫ് ജസ്റ്റിസ് കേന്ദ്ര ഗവൺമെന്റിന് നൽകിയെങ്കിലും ചില കറുത്ത കരങ്ങളുടെ ശ്രമഫലമായി ആ നിയമനം തടസപ്പെട്ടു. അദ്ദേഹത്തെ ചെറിയ പ്രായത്തിൽ ഹൈക്കോടതി ജഡ്ജിയായി നിയമിച്ചാൽ അദ്ദേഹം സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആകുമെന്നുള്ള ആശങ്ക ചില തൽപരകക്ഷികളെ അസ്വസ്ഥരാക്കി എന്നും പറഞ്ഞുകേട്ടു. ഒരു ഭ്രാന്താലയമാണ് കേരളമെന്ന് മുമ്പ് സ്വാമി വിവേകാനന്ദൻ പറഞ്ഞിട്ടുണ്ടല്ലോ. അതോർക്കുമ്പോൾ ഇതിലൊന്നും ആരും ആശ്ചര്യപ്പെടേണ്ടതില്ല. ഇൗ സംഭവങ്ങളിലൊന്നും ആത്മസംഘർഷമോ മാനസിക പിരിമുറുക്കമോ ഇല്ലാതെ കഠിനാദ്ധ്വാനം തന്റെ തൊഴിലിന്റെ ആത്മാവും ആണിക്കല്ലുമാണെന്നും സത്യവും ദൃഡതയുമുള്ള മനസ് മനുഷ്യനെ ബഹുദൂരം മുന്നോട്ട് കൊണ്ടുപോകുമെന്നുമുള്ള മഹാചിന്തയിൽ വ്യാപരിച്ചതുകൊണ്ടും അദ്ദേഹത്തിന് ഇന്ന് ഇൗ അഭിനന്ദനീയനേട്ടം കൈവരിക്കുവാൻ സാധിച്ചു.
മാതൃകാപരമായാണ് അദ്ദേഹം ഒാഫീസ് പ്രവർത്തിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ കീഴിൽ ജോലിനോക്കുന്ന എല്ലാ ഗവൺമെന്റ് പ്ളീഡർമാർക്കും മറ്റു ഉദ്യോഗസ്ഥർക്കും അവർ അർഹിക്കുന്ന എല്ലാ അംഗീകാരവും നൽകി ഒരു കുടുംബം പോലെയാണ് ഒാഫീസ് പ്രവർത്തിപ്പിക്കുന്നത്.
തിരുവനന്തപുരം ജില്ലയുടെ വടക്കേ അറ്റത്ത് ശ്രീനാരായണ ഗുരുദേവന്റെ പാദസ്പർശങ്ങൾ ഏറെ ഏറ്റുവാങ്ങി, കേരളത്തിലെ മഹാവൈദ്യന്മാർ വസിച്ച ചാവർകോട് എന്ന പുണ്യഗ്രാമത്തിലാണ് സുധാകരപ്രസാദ് ജനിച്ചത്. അദ്ദേഹത്തിന്റെ വിദ്യാഭ്യാസം നാവായിക്കുളം ഗവൺമെന്റ് ഹൈസ്കൂളിലും കൊല്ലം എസ്.എൻ കോളേജിലും തിരുവനന്തപുരം ഗവൺമെന്റ് ലാ കോളേജിലും ആയിരുന്നു. അച്ഛൻ പരേതനായ എം. പത്മനാഭൻ. എം.എ. ബിഎൽ ജില്ലാ രജിസ്ട്രാർ ആയിരുന്നു. കീർത്തികേട്ട കൊട്ടാരം വൈദ്യനും പ്രജാകൗൺസിൽ മെമ്പറുമായിരുന്ന ചാവർകോട് മാർത്താണ്ഡൻ വൈദ്യന്റെ മകൾ പരേതയായ കൗസല്യ അദ്ദേഹത്തിന്റെ അമ്മയും പിതൃസഹോദരീപുത്രി ചന്ദ്രിക (ബേബി) അദ്ദേഹത്തിന്റെ ഭാര്യയുമാണ്. രണ്ട് മക്കൾ ഇവർക്കുണ്ട്. മകൾ സിനി ഗൈനക്കോളജിസ്റ്റായി എറണാകുളത്തും മകൻ ദീപക് എൻജിനീയറായി ദുബായിലും ജോലി നോക്കുന്നു. ഹൈക്കോടതി അഡ്വക്കേറ്റ് രമേഷും നിലീനയുമാണ് മരുമക്കൾ.സർവേശ്വര ഹസ്തങ്ങളാൽ സി.പി. സുധാകര പ്രസാദിന്റെ ജീവിതം കൂടുതൽ ദീർഘവും ദീപ്തവും ധന്യവും അർത്ഥവത്തുമാകട്ടെ എന്ന് ആശിക്കുന്നു.