മണർകാട്ടെ ക്രൗൺ ക്ലബിലെ ചീട്ടുകളി: 10 പൊലീസുകാർക്കെതിരെ നടപടി

Wednesday 22 July 2020 6:45 PM IST

കോട്ടയം: മണർകാട് ക്രൗൺ ക്ലബിൽ നടന്ന ചീട്ടുകളിയുമായി ബന്ധപ്പെട്ട് മണർകാട് സ്റ്റേഷൻ ഹൗസ് ഓഫീസർ രതീഷ് കുമാർ അടക്കം പത്ത് പൊലീസ് ഉദ്യോഗസ്ഥർക്ക് എതിരെ നടപടിയുണ്ടാകും. ചീട്ടുകളി സംഘത്തിൽ നിന്ന് പ്രതിഫലം പറ്റിയതായി കണ്ടെത്തിയതോടെയാണിത്.

ക്ലബിൽ നിന്ന് കഴിഞ്ഞ 11 നാണ് 18 ലക്ഷം രൂപ പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ക്ലബ് സെക്രട്ടറി മാലം സുരേഷിനെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇതിനു പിന്നാലെ സുരേഷും രതീഷ്‌കുമാറും തമ്മിൽ നടത്തിയ ഫോൺ സംഭാഷണം പുറത്തു വന്നു. ഇതേപ്പറ്റി അന്വേഷണം നടത്തിയ രഹസ്യാന്വേഷണ വിഭാഗമാണ് മണർകാട് സ്റ്റേഷനിലെ ഒരു വിഭാഗം ഉദ്യോഗസ്ഥർക്ക് കൃത്യമായി മാസപ്പടി ലഭിച്ചിരുന്നതായി കണ്ടെത്തിയത്. ചീട്ടുകളി സംബന്ധിച്ച് രഹസ്യാന്വേഷണ വിഭാഗം രണ്ടു തവണ റിപ്പോർട്ട് സമർപ്പിച്ചെങ്കിലും മണർകാട് പൊലീസ് അത് തള്ളിക്കളയുകയായിരുന്നു.

ഇടനിലക്കാർ റിട്ട.എസ്.ഐമാർ

മണർകാട്ടെ ചീട്ടുകളി കളത്തിനു സംരക്ഷണം ഒരുക്കിയിരുന്നത് ജില്ലയിലെ രണ്ടു റിട്ട.എസ്.ഐമാരാണ്. ഒന്നിടവിട്ട ദിവസങ്ങളിൽ ഇവർ കളത്തിൽ എത്തിയിരുന്നു. പൊലീസിനു പണം കൈമാറിയിരുന്നത് ഇവരാണ് .